Breaking News

Trending right now:
Description
 
May 12, 2017

സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കാനാവില്ല: ഇന്‍ഫാം

image റബര്‍ ഉത്‌പാദകരാജ്യങ്ങളിലേതുപോലെ ഉത്‌പാദനച്ചിലവ്‌ കണക്കാക്കി റബറിന്‌ അടിസ്ഥാന വില നിശ്ചയിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കര്‍ഷകരില്‍നിന്നു നേരിട്ടു റബര്‍ സംഭരിക്കാനും നടപടികളില്ലാതെ റബര്‍ മേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരമാകില്ലെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍. രാജ്യാന്തരവിലപോലും കര്‍ഷകന്‌ ലഭിക്കാതെ ആഭ്യന്തരവിപണിയെ അട്ടിമറിക്കുന്നതില്‍ റബര്‍ബോര്‍ഡിനും പങ്കുണ്ട്‌. റബര്‍ബോര്‍ഡ്‌ ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്‌പദമാണ്‌. 2000-ാംമാണ്ടിലെ റബര്‍ പ്രതിസന്ധിക്ക്‌ സമാനമായ പ്രതിസന്ധിയാണ്‌ കഴിഞ്ഞ നാലുവര്‍ഷമായി റബര്‍മേഖലയും കര്‍ഷകരും നേരിടുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതപദ്ധതി ചെറുകിട റബര്‍കര്‍ഷകര്‍ക്ക്‌ താല്‍ക്കാലികാശ്വാസമാണെങ്കിലും ഒരു സ്ഥിരം പരിഹാരമാര്‍ഗമല്ല. ചെറുകിടകര്‍ഷകര്‍ക്കൊപ്പം അസംഘടിതരായ ഇതര റബര്‍തോട്ടം ഉടമകളും വന്‍സാമ്പത്തിക തകര്‍ച്ചയാണ്‌ നേരിടുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമാണെന്നു പ്രധാനമന്ത്രിതന്നെ സമ്മതിക്കുന്നുണ്ട്‌. ബദല്‍സംവിധാനത്തിനു തയാറാകാതെ അഞ്ചുവര്‍ഷംകൊണ്ട്‌ ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിരോധാഭാസമാണെന്നു വി.സി.സെബാസ്‌റ്റിയന്‍ കുറ്റപ്പെടുത്തി. റബര്‍, കുരുമുളക്‌, ഏലം, കാപ്പി, തേയില തുടങ്ങി പ്രധാന കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഇറക്കുമതിചുങ്കം എടുത്തുകളയാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. അനിയന്ത്രിതമായ രാജ്യാന്തര കാര്‍ഷിക ഇറക്കുമതിക്ക്‌ ഇത്‌ ആക്കംകൂട്ടുകയും കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നടിയുകയും ചെയ്യും. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരും കര്‍ഷകപ്രസ്ഥാനങ്ങളും ഉള്‍പ്പെടെ സംയുക്ത കര്‍ഷക പ്രക്ഷോഭത്തിന്‌ മിന്നിട്ടിറങ്ങണമെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി വ്യക്തമാക്കി.