Breaking News

Trending right now:
Description
 
Jan 20, 2013

ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.അനില്‍ കൂട്ടോ സ്ഥാനമേറ്റു

image ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ പുതിയ ആര്‍ച്ച്‌ ബിഷപ്പായി ഡോ. അനില്‍ ജോസ്‌ തോമസ്‌ കൂട്ടോ സ്ഥാനാരോഹണം ചെയ്‌തു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്‌ സാല്‍വത്തോറെ പെനാക്കിയോ, അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. വിന്‍സെന്റ്‌ കോണ്‍സസാവോ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗോള്‍ഡാഖാന തിരുഹൃദയ കത്തീഡ്രല്‍ പള്ളിയുടെ സമീപത്തുള്ള സെന്റ്‌ കൊളംബസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്‌. കത്തിച്ച മെഴുകുതിരിയും കുരിശുമായി കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നു നിയുക്ത ആര്‍ച്ച്‌ബിഷപ്പിനെ ബിഷപ്പുമാരും വൈദികരും സന്യാസിനിമാരും അടങ്ങുന്ന സംഘം വേദിയിലേക്ക്‌ ആഘോഷമായി എത്തിച്ചതോടെയാണ്‌ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ മാര്‍പാപ്പയുടെ നിയമന ഉത്തരവ്‌ (പേപ്പല്‍ ബുള) വായിച്ചു. സ്ഥാനചിഹ്നങ്ങളായ ഇടയന്റെ വടി കൈമാറി കിരീടം അണിയച്ച നവാഭിഷിക്തനെ മുഖ്യ കാര്‍മികനായ അപ്പോസ്‌തലിക്‌ ന്യുണ്‍ഷ്യോയും അതിരൂപത മുന്‍ അധ്യക്ഷനും ഔദ്യോഗിക ഇരിപ്പിടത്തില്‍ ഇരുത്തി. തുടര്‍ന്നു നവാഭിഷിക്തനായ ആര്‍ച്ച്‌ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. സ്ഥാനാരോഹണ ശുശ്രൂഷയില്‍ പതിനഞ്ചോളം ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും സന്യാസിനികളും പങ്കെടുത്തു.