Breaking News

Trending right now:
Description
 
May 07, 2017

ഏറ്റവും വൃത്തികുറഞ്ഞ ആലപ്പുഴയെ മാറ്റിയെടുക്കാന്‍ മുനിസിപ്പാലിറ്റിയും ജനങ്ങളും ശ്രദ്ധിക്കണം

image കേരളത്തിലെ നഗരങ്ങളില്‍ ഏറ്റവും വൃത്തികുറഞ്ഞ ആലപ്പുഴയെ കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വ സര്‍വേ (സ്വച്ഛ്‌ സര്‍വേക്ഷണ്‍ 2017) തിരഞ്ഞെടുത്തത്‌ മുനിസിപ്പാലിറ്റിയും ജനങ്ങളും ഒരുപേലെ ശ്രദ്ധിക്കേണ്ടതാണെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. തെറ്റുതിരുത്തി ആവശ്യമായ ശുചീകരണ നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും ഒത്തൊരുമിച്ചു മുന്നോട്ടുവരണം. ജൈവ, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ തരംതിരിച്ചു മാലിന്യസംസ്‌കരണത്തിനും പുനരുപയോഗത്തിനുമുള്ള ഫലപ്രദമായ നടപടികള്‍ ഇന്നും പട്ടണത്തിലില്ലെന്നുള്ളത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്‌. ആലപ്പുഴ പട്ടണത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കി എല്ലാ കാര്യങ്ങളും സുഗമവും സൗഹൃദപരവുമാക്കി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും ശുചീകരണം, ഗതാഗതം തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി ജനങ്ങളുമായി സഹകരിച്ചു നടപ്പാക്കണമെന്നു കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ഡിസംബര്‍ മാസത്തില്‍ ജനപ്രതിനിധികളോടു ആഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ആരും ഒരുതരത്തിലും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ആലപ്പുഴ പട്ടണത്തിലെ ശുചിത്വനിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ പരിശ്രമം എല്ലാ തലങ്ങളിലും ആവശ്യമാണ്‌. ഉത്തരവാദിത്വമുള്ള പൗരമാരായി ഉണരുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയാണ്‌ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശുചിത്വ സര്‍വേ നടത്തിയത്‌. കേരളത്തില്‍ ഒമ്പതു നഗരങ്ങളില്‍ സര്‍വേ നടത്തിയതില്‍ ആലപ്പുഴ ഒമ്പതാമതും ഇന്ത്യയില്‍ 434 എണ്ണത്തില്‍ 380-ാമതുമാണ്‌. ഒന്നാംസ്ഥാനത്തു മധ്യപ്രദേശിലെ ഇന്‍ഡോറും 434-ാമത്‌ ഉത്തര്‍പ്രദേശിലെ ഗോണ്ടയുമാണ്‌.