Breaking News

Trending right now:
Description
 
May 02, 2017

സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉള്‍പ്പെടെ ഇനി മലയാളത്തില്‍ ; ഉത്തരവ്‌ പുറത്തുവന്നു

image സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ സര്‍ക്കുലറുകള്‍, കത്തിടപാടുകള്‍, ഫയല്‍നടപടികള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയൊക്കെയും ഇനി മലയാളത്തിലായിരിക്കും. തിങ്കളാഴ്‌ച മലയാളം നിര്‍ബന്ധമാക്കിക്കൊണ്ട്‌ ഉത്തരവ്‌ പുറത്തുവന്നു. അര്‍ധസര്‍ക്കാര്‍-പൊതുമേഖല-സ്വയംഭരണ-സഹകരണസ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ഓഫീസ്‌ നടപടികള്‍ മലയാളത്തിലാക്കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ്‌ സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ മാറ്റം മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യും. ഓഫീസ്‌ ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍ എന്നിവയും മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകളിലും ഇതു ബാധകമാണ്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകളുടെ മുന്‍വശത്ത്‌ മലയാളത്തിലും പിന്‍വശത്ത്‌ ഇംഗ്ലീഷിലും ഒരേ വലുപ്പില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. അതേസമയം, കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാവുന്നതാണ്‌. തമിഴ്‌, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക്‌ ഭരണഭാഷ സംബന്ധിച്ച്‌ നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.