Breaking News

Trending right now:
Description
 
Jan 20, 2013

നിയന്ത്രണം ദു:ഖമല്ലോ എണ്ണ മന്ത്രീ...

image പ്രവാസി സംഗമത്തിന്‌ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ കണ്ണ്‌ നിറഞ്ഞു പോയി. സെക്യൂരിറ്റികാരുടെ കണ്ണ്‌ വെട്ടിച്ച്‌ ചുറ്റും നോക്കിയ പ്രധാനമന്ത്രി കണ്ടത്‌ പുതുപുത്തന്‍ കാറുകള്‍. പ്രധാനമന്ത്രിയുടെ ആത്മാവില്‍ പൊടിപിടിച്ച്‌ കിടന്ന ധനതത്ത്വ ശാസ്‌ത്രത്തിന്റെ ബാലപാഠങ്ങള്‍ ഓര്‍മ്മയില്‍ മിന്നി മറഞ്ഞു. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വിലനിര്‍ണയവകാശം കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തു. ഗ്യാസിന്റെ വിലകൂട്ടി. എന്നിട്ടെന്തെങ്കിലും ഇവിടെ വല്ലോം പറ്റിയോ. കഴിഞ്ഞവര്‍ഷം ഇന്ധന ഉപയോഗം അഞ്ചു ശതമാനം വര്‍ധിച്ചുവത്രേ. 2007-08 മുതല്‍ ഇന്ധനം ഉപയോഗത്തിന്റെ തോത്‌ കൂടിവരുന്നു. ഇങ്ങനെ എല്ലാവരും കാറു വാങ്ങിയാല്‍ രാജ്യത്തിന്റെ അവസ്ഥ എവിടെയാവും...സ്വാഗത പ്രസംഗകന്‍ വാതോരാതെ പുകഴ്‌ത്തി പറയുമ്പോള്‍ പ്രധാനമന്ത്രിയുടെ വയസന്‍ മനസ്‌ ചിന്തകളാല്‍ നുറുങ്ങുകയായിരുന്നു.

ഉദ്‌ഘാടന വേദിയില്‍ പ്രധാനമന്ത്രി വിങ്ങുന്ന ഹൃദയവുമായി പ്രവാസികളോട്‌ പറഞ്ഞ്‌, ഇടയ്‌ക്ക്‌ നാട്ടില്‍ വരണം ഇതുപ്പോലെയുള്ള പരിപാടികള്‍ക്ക്‌ എന്നെ ഇനിയും വിളിക്കണം. സത്യത്തില്‍ നിങ്ങളെ കാണുമ്പോഴാണ്‌ നമ്മുടെ രാജ്യം പട്ടിണിപാവങ്ങളുടെ രാജ്യമല്ല സമ്പന്നമാരുടെ രാജ്യമാണെന്ന്‌ മനസിലായത്‌. എന്റെ പ്രീയപ്പെട്ട നാട്ടുകാരെ എനിക്ക്‌ തെറ്റിപ്പോയി, എനിക്ക്‌ നിങ്ങളെ വേണ്ടരീതിയില്‍ സ്‌നേഹിക്കാന്‍ സാധിച്ചില്ല, ഞാന്‍ നിങ്ങളെ ഇത്രയും നാളും ഭരിച്ചിട്ട്‌ എന്റെ മനസിനിണങ്ങിയ വിധം നിങ്ങളെ ഒന്ന്‌ 'സല്‍ക്കരിക്കാന്‍' സാധിച്ചിട്ടില്ല, എന്നൊക്കെ പ്രധാനമന്ത്രി പറഞ്ഞത്‌ മനസറിഞ്ഞാണെന്ന്‌ നാട്ടുകാര്‍ക്ക്‌ മനസിലായത്‌. 

കൊച്ചിയില്‍ നിന്ന്‌ ഡല്‍ഹിയില്‍ ഫ്‌ളൈറ്റ്‌ ഇറങ്ങിയ പ്രധാനമന്ത്രി എണ്ണ മന്ത്രിയെ വിളിച്ച്‌ പറഞ്ഞു "ദേ നാളെ തന്നെ ഡീസല്‍ വില നിയന്ത്രണം എണ്ണ കച്ചവടക്കാര്‍ക്ക്‌ കൊടുത്തേക്ക്‌. നാട്ടുകാരന്മാര്‍ പാവമല്ലേയെന്നു കരുതി താന്‍ ഈ കഷ്ടപ്പാടെല്ലാം സഹിച്ചത്‌. താന്‍ എന്തിനാണ്‌ തൊന്തരവ്‌ എടുത്ത്‌ തലയില്‍ വച്ചിരിക്കുന്നത്‌?" സുഹൃത്തുക്കളായ എണ്ണ കമ്പനി മുതലാളിമാര്‍ കുറെനാളായി പറയുന്നു, അനാവശ്യ ഭാരങ്ങള്‍ തലയില്‍ നിന്ന്‌ ഒഴിവാക്കി തലയൊന്ന്‌ ചലിപ്പിക്കാന്‍. നാട്ടുകാര്‍ ഇഷ്ടംപോലെ കാശും കീശയിലിട്ട്‌ ചിക്കന്‍ ബിരിയാണി കഴിച്ച്‌ നാടൊട്ടുക്കും കോണ്ടസാ കാറില്‍ കറങ്ങി നടക്കുമ്പോള്‍ പാവം എണ്ണ കമ്പനി മുതലാളിമാര്‍ കയ്യില്‍ കാശില്ലാതെ പരിപ്പും റോട്ടിയും കഴിക്കുന്നു. അവരാണ്‌ രാജ്യത്തിന്റെ ഞരമ്പുകള്‍, അവരിലൂടെയാണ്‌ രാജ്യത്തിന്റെ പെട്രോള്‍, ഡീസല്‍ രക്തം ഒഴുകി രാജ്യത്തെ ത്രസിപ്പിക്കുന്നത്‌. പ്രധാനമന്ത്രിയക്ക്‌ നാട്ടുകാരുടെ മുഖത്തു നോക്കേണ്ട കാര്യമില്ലേലും എണ്ണ കമ്പനികളുടെ മുഖത്ത്‌ നോക്കേണ്ടി വരുമെന്ന്‌ മനസിലാക്കേണ്ട ഉത്തരവാദിത്വം പാവം ജനത്തിന്‌ ഉണ്ട്‌.

വോട്ടുവാങ്ങി ജയിച്ചില്ലേലും, അവരോടൊക്കെ കണക്കു പറഞ്ഞ്‌ കാശു വാങ്ങി നാടൊട്ടുക്കും ഫ്‌ളെക്‌സും നാട്ടുകാര്‍ക്ക്‌ കള്ളും കപ്പയും വാങ്ങി കൊടുത്ത്‌ ഖദര്‍ ഇടുവിപ്പിച്ച്‌ നിയമസഭയിലും ലോകസഭയിലും ഇരുത്താന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടതായെന്ന്‌ നാട്ടുകാര്‍ക്കും അറിയാമെന്ന്‌ പ്രധാനമന്ത്രി നിശബ്ദനായി പറഞ്ഞത്‌ കഴിഞ്ഞാഴ്‌ച ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ വഴി നാം കേട്ടതാണ്‌. കയ്യില്‍ ഇത്തിരി പുത്തന്‍ വന്നാല്‍ നാട്ടുകാര്‍ വണ്ടി വാങ്ങി റോഡിലിറക്കും പിന്നെ റോഡിനായി കുറ്റം. വീതിയില്ല, ടാറിട്ടില്ല...ഗ്യാസിന്റെ വിലകൂട്ടിയിട്ടും നാട്ടുകാര്‍ ആഹാരം കഴിക്കുന്നത്‌ കുറച്ചിട്ടില്ല. എന്നാല്‍ പിന്നെ ഗ്യാസിന്റെ വില എന്തിന്‌ കൂട്ടാതിരിക്കണം.

പ്രധാനമന്ത്രിക്ക്‌ എക്കണോമിക്‌സ്‌ അറിയാം, എന്തുകൊണ്ടാണ്‌ നാട്ടില്‍ ഇതു പോലെ ഇന്ധനം ഉപഭോഗം കൂടാന്‍ കാരണം? പറഞ്ഞു തരാം കയ്യില്‍ ദിവസം 28 രൂപ കിട്ടുന്നവന്‍ ദാരിദ്യ രേഖയ്‌ക്ക്‌ മുകളിലാണല്ലോ, ഒരു രൂപയ്‌ക്ക്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കൊടുത്ത അരി വാങ്ങും, കാന്താരി മുളകിന്റെ ഒരുതൈ എല്ലാ ഇന്ത്യക്കാരനും വീട്ടില്‍ നട്ടുപിടിപ്പിക്കുക. അപ്പോള്‍ കഞ്ഞിക്കുള്ള കൂട്ടാനായി. പിന്നെ ഇത്തിരി വെളിച്ചെണ്ണ, സോപ്പ്‌, ഉപ്പ്‌ തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം കൂടി പത്തു രൂപയാവും. പിന്നെയും പതിനേഴ്‌ രൂപ ബാക്കി? പിന്നെ എങ്ങനെ നാടും ശരിയാകും. ഇത്രയും രൂപ അധികം കയ്യില്‍ വന്നാല്‍ ഏത്‌ ഇന്ത്യക്കാരനും കാറോ ജീപ്പോ വാങ്ങും. അതുവഴി രാജ്യത്ത്‌ അനാവശ്യമായ പരിസ്ഥിതി മലിനീകരണം, പണച്ചെലവ്‌ തുടങ്ങിയവ ഉണ്ടാകും. അപ്പോള്‍ ജനങ്ങളുടെ കയ്യിലുള്ള അനാവശ്യ കമ്മി ഒഴിവാക്കണം. അല്ലെങ്കില്‍ രാജ്യത്തെ പൗരന്മാര്‍ ധാരാളിയായി പോകും. അതാണ്‌ ഇന്ത്യയുടെ ആത്മാവ്‌ എവിടെയാണെന്ന്‌ അറിയണമെങ്കില്‍ എക്കണോമിക്‌സ്‌ പഠിക്കണമെന്ന്‌ പറയുന്നത്‌.