Breaking News

Trending right now:
Description
 
Jan 20, 2013

യുകെയില്‍നിന്ന്‌ ഇന്ത്യയിലേയ്‌ക്കുള്ള വിസ ഫീ കുത്തനെ കൂട്ടി

image
ബ്രിട്ടണില്‍നിന്ന്‌ ഇന്ത്യയിലേയ്‌ക്കുള്ള വിസ ഫീ കുത്തനെ കൂട്ടി. ഇരട്ടിയില്‍ അധികമാണ്‌ വര്‍ദ്ധന. ആറു മാസം മാത്രം കാലാവധിയുള്ള സിംഗിള്‍ വിസയ്‌ക്ക്‌ 38 പൗണ്ടായിരുന്നത്‌ 82 പൗണ്ടായി വര്‍ദ്ധിപ്പിച്ചു. പ്രോസസിംഗ്‌ ഫീ ഒരു പൗണ്ട്‌ കൂട്ടി, 10.20 പൗണ്ടായി. ട്രാവല്‍ ഏജന്റ്‌ വഴി വിസ എടുക്കുന്നതിന്‌ 30 പൗണ്ട്‌ അധികമായി ചെലവഴിക്കണം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ദൈര്‍ഘ്യമേറിയ നൂലാമാലകള്‍ ഒഴിവാക്കാന്‍ പലരും ട്രാവല്‍ ഏജന്റുമാരെയാണ്‌ ആശ്രയിക്കുന്നത്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും വളരെ കടമ്പകളുണ്ട്‌. പലപ്പോഴും വെബ്‌സൈറ്റ്‌ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്‌. 

 
നാലു പേരടങ്ങുന്ന കുടുംബം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ 200 പൗണ്ട്‌ അധികം ചെലവാകും. യുകെയിലുള്ള ഒട്ടേറെ മലയാളി കുടുംബങ്ങള്‍ക്ക്‌ ബ്രിട്ടീഷ്‌ പാസ്‌പോര്‍ട്ട്‌ ഉള്ളവരാണ്‌. 

 
പരമാവധി 180 ദിവസം വരെ ഇന്ത്യയില്‍ താമസിക്കാന്‍ കഴിയുന്ന രണ്ടുവര്‍ഷം കാലാവധിയുള്ള വിസയ്‌ക്ക്‌ 277 പൗണ്ടാണ്‌ ഫീ. ഇതോടൊപ്പം സര്‍വീസ്‌ ചാര്‍ജായി 10.20 പൗണ്ട്‌ കൂടി കൂട്ടുമ്പോള്‍ 287.20 പൗണ്ട്‌ ചെലവുവരും. അഞ്ചുവര്‍ഷത്തേയ്‌ക്കുള്ള ടൂറിസ്റ്റ്‌ വിസയ്‌ക്ക്‌ 507 പൗണ്ട്‌ നല്‌കണം. ഓരോ വര്‍ഷവും എട്ടു ലക്ഷം ബ്രിട്ടീഷ്‌ പൗരന്മാരാണ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ആകെ വിദേശ സന്ദര്‍ശകരുടെ എണ്ണം ആറു മില്യണാണ്‌.
 
 
അടുത്ത ഏപ്രില്‍ മുതല്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി ഇനത്തില്‍ ബ്രിട്ടനില്‍നിന്ന്‌ ഇന്ത്യയിലെത്തുന്നവര്‍ അധികമായി എട്ടു പൗണ്ട്‌ കൂടി നല്‌കണം. 

 
യുകെ, റഷ്യ, ശ്രീലങ്ക, ജപ്പാന്‍, പാക്കിസ്ഥാന്‍, സിംഗപ്പൂര്‍, ഗ്രാറ്റിസ്‌ രാജ്യങ്ങള്‍ എന്നിവയൊഴികെയുള്ളവയ്‌ക്ക്‌ ആറുമാസ വിസയ്‌ക്ക്‌ 32 പൗണ്ട്‌ ആയിരിക്കും ഫീ. ഒരു വര്‍ഷത്തേയ്‌ക്ക്‌ 52 പൗണ്ട്‌. ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക്‌ അഞ്ചു പൗണ്ടും സിംഗപ്പൂര്‍ വിസയുള്ളവര്‍ക്ക്‌ 22 പൗണ്ടുമാണ്‌ സിംഗിള്‍ എന്‍ട്രി വിസ ഫീ. പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്ക്‌ 2.50 പൗണ്ട്‌. 
 
 
ഒരു വിസ കാലാവധിയില്‍ ഒന്നിലധികം പ്രാവശ്യം ഇന്ത്യയിലെത്താനാകില്ലെന്ന നിയമത്തില്‍ ഈയിടെ ഇന്ത്യ ഇളവ്‌ അനുവദിച്ചിരുന്നു. ഈ നടപടി എല്ലാവരും സ്വാഗതം ചെയ്‌തപ്പോള്‍തന്നെ ഇന്ത്യയിലേയ്‌ക്കു യാത്ര ചെയ്യുന്നവരെ അലോസരപ്പെടുത്തുന്ന രീതിയില്‍ വിസ ഫീ വര്‍ദ്ധിപ്പിച്ചത്‌.