Breaking News

Trending right now:
Description
 
Apr 24, 2017

ട്രെയിനില്‍ നാലംഗ കുടുംബത്തെ മയക്കി സ്വര്‍ണവും പണവും കവര്‍ന്നു

image മംഗള എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിലെ നാലുപേര്‍ക്ക്‌ ശീതളപാനിയം നല്‍കി മയക്കി മൂന്നംഗസംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ചെങ്ങന്നൂര്‍ ചെറിയനാട്‌ കടമ്പാട്ട്‌ വിനോദ്‌ ജി.നായര്‍, ഭാര്യ അമ്പിളി, മക്കളായ അനന്തു, ആദിത്യ എന്നിവരെയാണ്‌ മയക്കുമരുന്നു ചേര്‍ത്ത ശീതളപാനിയം നല്‍കി ഉറക്കി കവര്‍ച്ച നടത്തിയത്‌. ഇവര്‍ ധരിച്ചിരുന്ന 2.80 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വിനോദിന്റെ കീശയിലുണ്ടായിരുന്ന 40,000 രൂപയുമാണ്‌ നഷ്ടപ്പെട്ടത്‌. മഹാരാഷ്ട്രയില്‍ എന്‍ജിനിയറിങ്‌ വര്‍ക്‌ ഷോപ്പ്‌ നടത്തുകയായിരുന്ന വിനോദും കുടുംബാംഗങ്ങളും നാട്ടിലേക്കുള്ള യാത്രക്കിടെയില്‍ യുവാക്കളുമായി പരിചയപ്പെട്ടിരുന്നു. ട്രെയിന്‍ മഹാരാഷ്ട്ര വിട്ടശേഷം രാത്രി എട്ടരയോടെയാണ്‌ ഇവര്‍ ശീതളപാനിയും വിനോദിനും കുടുംബത്തിനും നല്‍കിയത്‌. ഇവരുടെ നല്ല പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വസിച്ചാണ്‌ വാങ്ങിയതെന്നും കുടിച്ചതെന്നും കുടുംബം പൊലീസിന്‌ മൊഴിനല്‍കി. ശീതളപാനിയും കുടിച്ചയുടന്‍ ഇവര്‍ ഉറക്കത്തിലായി. ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ്‌ വിനോദും കുടുംബവും ഉണര്‍ന്നത്‌. തുടര്‍ന്നാണ്‌ തങ്ങളുടെ ആഭരണങ്ങളും പണവും കവര്‍ച്ചചെയ്യപ്പെട്ടവിവരം അറിഞ്ഞതും. തങ്ങള്‍ പരിചയപ്പെട്ട യുവാക്കളെ കാണാനില്ലായിരുന്നു. ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ വിവരം അറിഞ്ഞ്‌ പൊലീസ്‌ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കി.