Breaking News

Trending right now:
Description
 
Apr 24, 2017

മൂന്നാര്‍ സംഭവം: മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

image മൂന്നാറില്‍ തോട്ടം തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി എം.എം.മണിക്കെതിരെ പ്രതിഷേധം ശക്തമായതോടെ മണി ഖേദംപ്രകടിപ്പിച്ചു തലയൂരാന്‍ ശ്രമം നടത്തി. തന്റെ പ്രസംഗം തെറ്റിധാരണാജനകമായി ചാനലുകള്‍ സംപ്രേക്ഷണം ചെയ്‌തു പ്രചരിപ്പിക്കുകയായിരുന്നുവെന്ന്‌ മണി വ്യക്തമാക്കി. എനിക്കു അഞ്ചു പെണ്‍മക്കളാണുള്ളത്‌. അതില്‍ രണ്ടുപേര്‍ പൊതുപ്രവര്‍ത്തന രംഗത്ത്‌ സജീവമാണ്‌. അഞ്ചുപെണ്‍മക്കളുടെ പിതാവായ ഞാന്‍ സ്‌ത്രീകളെ അപമാനിച്ചു എന്നു പറയുന്നതില്‍ കാര്യമില്ല. ഞാനും ഒരമ്മയുടെ വയറ്റിലാണു പിറന്നത്‌. എന്റെ പ്രസ്ഥാനത്തിലും തോട്ടം തൊഴിലാളികളടക്കം ലക്ഷക്കണക്കിനു സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. എന്നെ തെറ്റിദ്ധരിക്കാനിടയായതില്‍ അതിയാ ഖേദവും ദുഖവുമുണ്ട്‌. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആരോ ഇളക്കിവിട്ടതാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മന്ത്രി സ്‌ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ ആരോപിച്ചു. തങ്ങളെ മോശക്കാരായി ചിത്രീകരിച്ചതുവഴി പാവപ്പെട്ട തൊഴിലാളിസ്‌ത്രീകളെ മന്ത്രി അപമാനിച്ചിരിക്കുകയാണ്‌. സ്‌ത്രീകളുടെ വോട്ടുവാങ്ങിയാണ്‌ മന്ത്രി ജയിച്ചത്‌. മന്ത്രിസ്ഥാനത്ത്‌ തുടരാന്‍ മണിക്ക്‌ അവകാശമില്ലെന്നും രാജിവയ്‌ക്കുംവരെ സമരം തുടരുമെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.