Breaking News

Trending right now:
Description
 
Apr 19, 2017

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍സുനി ഒന്നാംപ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

image യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലംപ്രയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി നെടുവേലികുടി സുനില്‍കുമാറിനെ (പള്‍സര്‍ സുനി-28) ഒന്നാംപ്രതിയാക്കി അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. ആക്രമണത്തിന്‌ ഇരയായ നടിയുടെ യാത്രാ രഹസ്യങ്ങള്‍ സുനിലിന്‌ ചോര്‍ത്തിക്കൊടുത്തു തട്ടിക്കൊണ്ടുപോകലിനു കൂട്ടുനിന്ന ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, ക്വട്ടേഷന്‍ ഗുണ്ടകളായ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്‌, വിജീഷ്‌, തമ്മനം സ്വദേശി മണികണ്‌ഠന്‍, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഇരിട്ടി സ്വദേശി ചാര്‍ലി തോമസ്‌ എന്നിവരെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌. പ്രതികള്‍ നിയമപ്രകാരമുള്ള റിമാന്‍ഡ്‌ കാലാവധി പൂര്‍ത്തിയായി ജാമ്യം നേടാനുള്ള സാധ്യത കണക്കിലെടുത്താണ്‌ സംഭവം നടന്നു രണ്ടുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. 375 പേജുകളുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്‌. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍, ഗൂഢാലോചന, സംഘംചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. നടിയെ ഉപദ്രവിക്കുന്ന ദൃശ്യം പകര്‍ത്തിയ മൊബൈല്‍ഫോണ്‍ അന്വേഷണ സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പള്‍സര്‍ സുനി അങ്കമാലിയിലെ അഭിഭാഷകനു കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്‌ത്രീയ പരിശോധനഫലം കോടതിയില്‍ നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ ഫെബ്രുവരി 17നു വൈകിട്ടാണ്‌ നടി തൃശൂരില്‍നിന്നു കൊച്ചിയിലേക്കു വരുന്നതിനിടെ അങ്കമാലിയില്‍വച്ച്‌ പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ നടി പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിരുന്നു.