Breaking News

Trending right now:
Description
 
Apr 11, 2017

കോട്ടയത്ത്‌ കാണാതായ ദമ്പതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

image കോട്ടയം ചെങ്ങളം ഭാഗത്തുനിന്നു നാലുദിവസം മുമ്പ്‌ കാണാതായ ദമ്പതികള്‍ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കായി പൊലീസ്‌ ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ ആറിലെ ഹര്‍ത്താല്‍ദിനത്തില്‍ രാത്രി ഒമ്പതിനു കാറില്‍ ഭക്ഷണംവാങ്ങാന്‍ പോയ ഈ ദമ്പതികള്‍ പിന്നീട്‌ തിരിച്ചെത്തിയില്ല. ഇവര്‍ യാത്രചെയ്‌ത കാറും കണ്ടെത്തിയിട്ടില്ല. വീടിനു സമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴചകള്‍ക്കുമുമ്പ്‌ വാങ്ങിയ മാരുതി വാഗണ്‍ ആര്‍ ഗ്രെ കളര്‍ കാറിലാണ്‌ കോട്ടയത്തിനു പുറപ്പെട്ടത്‌. കെഎല്‍5 എജെ 7183 എന്ന താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നമ്പറാണ്‌ കാറിന്‌. പൊലീസ്‌ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ അന്വേഷണം തുടരുകയാണ്‌. അയല്‍സംസ്ഥാനങ്ങളിലെ പൊലീസിനും ദമ്പതികളുടെ ചിത്രങ്ങള്‍ കൈമാറി. കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്‌ താഴത്തങ്ങാടി ആറ്റിലും കൈവഴി തോടുകളിലും രണ്ടുദിവസമായി പൊലീസ്‌ തിരച്ചില്‍ നടത്തുന്നുണ്ട്‌. ഇവര്‍ കാറുമായി യാത്രചെയ്യാന്‍ സാധ്യതയുള്ള ദേശീയ-സംസ്ഥാന പാതകളിലെ എല്ലാ നിരീക്ഷണ കാമറകളും പൊലീസ്‌ പരിശോധിച്ചുവരുകയാണ്‌. ദമ്പതികള്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ പൊലീസ്‌ നിരീക്ഷണത്തിലാണ്‌. കാണാതായ ദമ്പതികള്‍ എന്നുസംശയിക്കുന്നവരെ കണ്ടുവെന്നു നിരവധി ഫോണുകള്‍ പൊലീസിന്‌ ലഭിക്കുന്നുണ്ടെങ്കിലും തുടരന്വേഷണത്തില്‍ കാണാതായവര്‍ അല്ലെന്നു പൊലീസ്‌ സ്ഥിരീകരിച്ചു.