Breaking News

Trending right now:
Description
 
Apr 10, 2017

എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; കോളജ്‌ അധികൃതര്‍ കുടുങ്ങി

image മാവേലിക്കര കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ്‌ കോളജ്‌ വിദ്യാര്‍ഥി ഹോസ്‌റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളജ്‌ അധികൃതര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. മാനേജര്‍ സുഭാഷ്‌ വാസു, പ്രിന്‍സിപ്പല്‍ ഗണേഷ്‌ കുമാര്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ആര്‍ഷരാജാണ്‌ (19) ഞായറാഴ്‌ച പുലര്‍ച്ചെ കൈത്തണ്ട മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. ഹോസ്‌റ്റലില്‍ താമസിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ കണ്ടതിനാലാണ്‌ ആശുപത്രിയില്‍ എത്തിച്ചതും ജീവന്‍രക്ഷിക്കാനായും. മെക്കാനിക്കല്‍വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്‌ ആര്‍ഷരാജ്‌. ഹോസ്‌റ്റലില്‍ എത്താന്‍ താമസിച്ചതിന്റെ പേരില്‍ കോളജ്‌ അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ്‌ ആത്മഹത്യാശ്രമം നടത്തിയതെന്നു പൊലീസ്‌ വ്യക്തമാക്കി. ആര്‍ഷരാജിനെ ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ഥികളെ ഫോണില്‍വിളിച്ച്‌ ആത്മഹത്യാശ്രമമാണെന്ന്‌ ആശുപത്രി അധികൃതരെ അറിയിക്കരുതെന്നും അതല്ലായെങ്കില്‍ നിങ്ങള്‍ക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചുവെന്നു വിദ്യാര്‍ഥികള്‍ പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇന്നലെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകര്‍ കോളജിനു നേരെ ആക്രമണം നടത്തി.