Breaking News

Trending right now:
Description
 
Apr 07, 2017

സുരഭി മികച്ച നടി; മോഹന്‍ലാലിന്‌ പ്രത്യേക പരാമര്‍ശം

image ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള ചിത്രങ്ങള്‍ക്ക്‌ മികച്ച നേട്ടം. മിന്നാമിനുങ്ങ്‌ എന്ന മലയാള ചലച്ചിത്രത്തിലെ അഭിനയത്തിന്‌ സുരഭിക്കാണ്‌ മികച്ച നടിക്കുള്ള പുരസ്‌കാരം. റുസ്‌തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന്‌ അക്ഷയ്‌ കുമാറിനെ മികച്ച നടനായി തിരഞ്ഞെടുത്തു. നവാഗതനായ ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്‌ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചലച്ചിത്ത്രിതനുള്ള പുരസ്‌കാരം സ്വന്തമാക്കി. പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തെലുങ്കുചിത്രം ജനതാ ഗാരേജ്‌ എന്നീ ചിത്രത്തിലെ അഭിനയത്തിന്‌ മോഹന്‍ലാലിന്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. കാടുപൂക്കുന്ന നേരം എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം നേടിയ ജയദേവന്‍ ചക്കാടത്തും മലയാളത്തിന്‌ അഭിമാനം നേടിക്കൊടുത്തു. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിന്‍ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്നുള്ള ചെമ്പൈ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ്‌ ചിത്രത്തിനുള്ള പുരസ്‌കാരം ജോക്കര്‍ നേടി. സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ്‌ മികച്ച ഹിന്ദി ചിത്രം. വെന്റിലേറ്റര്‍ എന്ന ചിത്രമൊരുക്കിയ രാജേഷ്‌ മപുസ്‌കാര്‍ ആണ്‌ മികച്ച സംവിധായകന്‍.സുന്ദര്‍ അയ്യറിനെ മികച്ച ഗായകനായി തിരഞ്ഞെടുത്തു. ജോക്കര്‍ സിനിമയിലെ ഗാനത്തിനാണ്‌ അദ്ദേഹത്തെ അവാര്‍ഡ്‌ തേടി എത്തിയത്‌. ഹിന്ദിസിനിമയായ ദംഗലിലെ അഭിനയത്തിന്‌ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൈന വാസിമിനു ലഭിച്ചു. മനോജ്‌ ജോഷിയാണ്‌ മികച്ച സഹനടന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ്‌ പുരസ്‌കാര നിര്‍ണയം നടത്തിയത്‌.