Breaking News

Trending right now:
Description
 
Mar 28, 2017

ആലപ്പുഴ പട്ടണത്തിലെ മരംവീണുള്ള അപകടങ്ങള്‍ക്ക്‌ അടിയന്തര നടപടിവേണം: ടിആര്‍എ

image ആലപ്പുഴ പട്ടണത്തില്‍ അപകടകരമായ റോഡിലേക്കു നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണമെന്നു വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ അവഗണിക്കുന്നതില്‍ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രതിഷേധിച്ചു. കൊട്ടാരപ്പാലത്തിനു സമീപം മരം കടപുഴകി ഓട്ടോയുടെ മുകളിലേക്കു വീണ്ടുണ്ടായ അപകടമാണ്‌ അവസാനത്തേത്‌. മാര്‍ച്ച്‌ 26ന്‌ രാത്രിയിലായിരുന്നു അപകടം. ആളപായം ഒഴിവായത്‌ തലനാരിഴയ്‌്‌ക്കാണ്‌. കൂറ്റന്‍മരംവീണ്ടുണ്ടായ അപകടത്തില്‍ വൈദ്യുതികമ്പികള്‍പൊട്ടിവീണു. വൈദ്യുതി വിതരണം മണിക്കൂറുകളോളം സ്‌തംഭിച്ചു. മരക്കമ്പുകള്‍വീണുള്ള അപകടങ്ങള്‍ തുടരുന്നതിനിടെയാണ്‌ മരം കടപുഴകി വീണത്‌. അപകടാവസ്ഥ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക്‌ ഫെബ്രുവരി ഒമ്പതിനു പരാതി നല്‍കിയെങ്കിലും നടപടി വൈകുകയാണ്‌. പട്ടണത്തിലെ റോഡുകളുടെ വശത്തു റോഡിലേക്കും തോട്ടിലേക്കും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ പലതും താഴ്‌ന്നും ദ്രവിച്ചും വൈദ്യുതികമ്പിയില്‍ മുട്ടിയുമാണ്‌ നില്‍ക്കുന്നത്‌. കണ്ടെയ്‌നറുകളും വലിയ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മുകള്‍ഭാഗംതട്ടി കമ്പുകള്‍ ഒടിഞ്ഞുവീഴുന്നത്‌ പതിവാണ്‌. പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതു ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. തുടരെ വൈദ്യുതി വിതരണവും തടസമാകുന്നു. റോഡ്‌, തോടുവക്കുകളില്‍ അപകടകരമായും ശല്യമായും നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിനീക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ അടക്കമുള്ള അധികാരികളോട്‌ അസോസിയേഷന്‍ നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പരാതിയെ തുടര്‍ന്ന്‌ ജില്ലാകോടതിക്കു മുമ്പിലും വൈഎംസിഎ റോഡിലുമുള്ള വൃക്ഷങ്ങള്‍ വെട്ടിനീക്കിയിരുന്നു. ഈ മരങ്ങളുടെ മുറിച്ചിട്ട കഷണങ്ങളും ശിഖരങ്ങളും നീക്കാത്തതിനാല്‍ റോഡില്‍ ഗതാഗതതടസം ഉണ്ടാക്കുന്നുമുണ്ട്‌. മുന്‍കരുതല്‍ സ്വീകരിച്ച്‌ അപകടങ്ങളും പരിക്കും മരണവും ഒഴിവാക്കാനാണ്‌ അധികൃതര്‍ ശ്രദ്ധിക്കേണ്ടത്‌.