Breaking News

Trending right now:
Description
 
Mar 25, 2017

ട്രെയിനിനു മുകളില്‍ കയറിയ യുവാവ്‌ വൈദ്യുതിലൈനില്‍നിന്ന്‌ ഷോക്കേറ്റ്‌ മരിച്ചു

image കോട്ടയത്ത്‌ ട്രെയിനിന്റെ എന്‍ജിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്‌ പ്രായം തോന്നിക്കും. വയലറ്റ്‌ ടീ ഷര്‍ട്ടും കാപ്പിനിറമുള്ള പാന്റ്‌സുമാണ്‌ വേഷം. മൃതദേഹം തിരിച്ചറിയുന്നതിനായി മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. റയില്‍വേ സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്‌ സംഭവം. കൊല്ലത്തുനിന്നുവന്ന ട്രെയിനിന്റെ എന്‍ജിന്‍ മാറ്റുന്നതിനിടെ യുവാവ്‌ ട്രെയിനിന്റെ മുമ്പിലേക്ക്‌ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. ഇതുകണ്ട ലോക്കോ പൈലറ്റ്‌ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നു കരുതിയെങ്കിലും യുവാവ്‌ പെട്ടെന്നുതന്നെ ട്രെയിനില്‍പിടിച്ചുകയറി. എന്‍ജിനുമുകളില്‍ വലിഞ്ഞുകയറിയ യുവാവ്‌ ഉയര്‍ന്ന പ്രസരണശേഷിയുള്ള വൈദ്യുതി കമ്പിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ വീണു. എന്‍ജിനു മുകളില്‍വീണുകിടന്ന യുവാവിനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷമാണ്‌ താഴെ എത്തിച്ചത്‌. ഇതിനിടെ യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.