Breaking News

Trending right now:
Description
 
Jan 18, 2013

സര്‍ക്കാര്‍ അദ്ധ്യാപകര്‍ സമരത്തില്‍ നിന്ന്‌ പിന്മാറണം: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍

ഷൈജു ചാക്കോ
image
ക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയ്‌ക്ക്‌ ഒരുങ്ങുന്ന അവസരത്തില്‍ പണിമുടക്കിന്റെ ഭാഗമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകസമരം ഭാവിതലമുറയോടുള്ള നിഷേധാത്മക നിലപാടും വെല്ലുവിളിയുമാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി സമരത്തില്‍ നിന്ന്‌ പിന്മാറുവാന്‍ ഇവര്‍ തയ്യാറാകണമെന്നും സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
രാഷ്‌ട്രീയ പകപോക്കലുകളുടെ മറവില്‍ നിരന്തരമായ സമരമാര്‍ഗ്ഗങ്ങളിലൂടെ ജനജീവിതത്തിന്‌ വെല്ലുവിളിയുയര്‍ത്തുന്നതും സംഘടനാ സംവിധാനത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപകരണങ്ങളാക്കുന്നതുമായ സമീപനം ഒരു രാഷ്‌ട്രീയ മുന്നണിക്കും ഭൂഷണമല്ല. സര്‍ക്കാരിലേയ്‌ക്ക്‌ നികുതിയടയ്‌ക്കുന്ന ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ഔദാര്യമാണ്‌ തങ്ങളുടെ ഉദ്യോഗമെന്നത്‌, സര്‍ക്കാര്‍ ജീവനക്കാരും സംഘടനാ നേതാക്കളും മറക്കരുത്‌.

സമരത്തിന്‌ ആഹ്വാനം ചെയ്‌ത രാഷ്‌ട്രീയ നേതാക്കളുടെയോ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയോ, അദ്ധ്യാപകരുടെയോ മക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്നില്ല. സ്വന്തം മക്കളെ പ്രശസ്‌തവും ഉന്നതനിലവാരമുള്ളതുമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമായി പഠിപ്പിക്കുകയും തങ്ങള്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരത്തിനിറങ്ങുകയും ചെയ്യുന്ന അദ്ധ്യാപകരുടെ നിലപാട്‌ വിരോധാഭാസവും പൊതുജനം തിരിച്ചറിയേണ്ടതുമാണ്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ ഭാവിനശിപ്പിക്കുന്ന ഇത്തരം ജനദ്രോഹപരമായ സമരമുറ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതാണ്‌. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സ്വന്തം മക്കളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുവാന്‍ തയ്യാറാകണമെന്നും അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.