Breaking News

Trending right now:
Description
 
Mar 22, 2017

സലിം അലി സെന്ററിന്റെ രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കണം: ഇന്‍ഫാം

image കൊച്ചി: കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ തേനി പൊട്ടിപ്പുറത്ത്‌ നിര്‍മ്മിക്കുന്ന കണികാപരീക്ഷണശാലയ്‌ക്കുള്ള പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരിക്കുമ്പോള്‍ ഈ പദ്ധതിക്കായി പരിസ്ഥിതി ആഘാതപഠനം നടത്തിയ സലിം അലി സെന്ററിന്റെ രാജ്യാന്തര ബന്ധങ്ങളും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സെന്ററിന്റെ സാമ്പത്തിക സ്രോതസുകളും ഗാഡ്‌ഗില്‍ സമിതി റിപ്പോര്‍ട്ട്‌ രൂപീകരണത്തിലുള്ള ഇടപെടലുകളും അന്വേഷിക്കണം. സലിം അലി സെന്ററിന്‌ പരിസ്ഥിതി ആഘാതപഠനം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ യോഗ്യതയില്ലെന്നുള്ള ട്രൈബ്യൂണല്‍വിധി ഗൗരവമായി കാണേണ്ടതുണ്ട്‌. പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ യുപിഎ സര്‍ക്കാര്‍ തിരക്കിട്ട്‌ ശ്രമിച്ച കാലയളവില്‍തന്നെയാണ്‌ പശ്ചിമഘട്ടത്തിന്റെ പാറതുരന്ന്‌ കണികാപരീക്ഷണത്തിനുള്ള കരാര്‍ നടപ്പാക്കിയത്‌. പരിസ്ഥിതി സംരക്ഷണത്തിനായി ഇടുക്കിയുള്‍പ്പെടെ പശ്ചിമഘട്ടത്തിലെ വിവിധ താലൂക്കുകള്‍ പരിസ്ഥിതിലോലമാക്കുവാന്‍ നിര്‍ദേശിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍തന്നെ ഇതേ പരിസ്ഥിതിലോലപ്രദേശങ്ങളുടെ രണ്ടരകിലോമീറ്റര്‍ ഉള്ളറകളിലൂടെ 80,000 ലക്ഷം ടണ്‍ പാറ 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തി തുരക്കുന്നത്‌ പരിസ്ഥിതിയെ ബാധിക്കില്ലെന്നു പറഞ്ഞ്‌ നിസാരവല്‍ക്കരിക്കുകയാണ്‌. ഗാഡ്‌ഗില്‍ സമിതിയുടെ പ്രവര്‍ത്തന കാലഘട്ടത്തിലും കണികാപരീക്ഷണത്തിന്‌ പരിസ്ഥിതി ആഘാതപഠനകാലത്തും സലിം അലി സെന്ററിന്റെ തലപ്പത്തിരുന്നവരുടെ വിദേശപരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായുള്ള ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.