Breaking News

Trending right now:
Description
 
Jan 18, 2013

കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം വന്‍വിജയമാക്കി മാറ്റും: ഫ്രാന്‍സിസ് വലിയപറമ്പില്‍

K S Johnson
image
ജനുവരി 19നു ലണ്ടന്‍ ക്രോയിഡോണില്‍ ഒ.ഐ.സി.സി യു.കെ സംഘടിപ്പിക്കുന്ന രണ്ടാമത്  ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം വന്‍വിജയമാക്കി മാറ്റുമെന്നു ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു. ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ കേരളത്തിലെയും ഇന്ത്യയിലെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു ഊര്‍ജ്ജവും ആവേശവും പകര്‍ന്ന രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം തടയുവാനായി ചില തത്പരകക്ഷികള്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ കോണ്‍ഗ്രസ് സംസ്ക്കാരം ഉള്‍ക്കൊള്ളുന്ന യു.കെയിലെ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ക്കിടയില്‍ വിലപ്പോവില്ലെന്നും അദ്ദേഹം അറിയിച്ചു.


കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ കഴിഞ്ഞ മാസം ഒടുവില്‍ പ്രഖ്യാപിക്കുകയും കെ.പി.സി.സി ഭാരവാഹികളുടേയും ഡി.സി.സി പ്രസിഡന്റുമാരുടേയും ആദ്യ യോഗം തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് വച്ച് നടത്തപ്പെടുകയും ചെയ്തതാണ്. അടുത്ത കെ.പി.സി.സി യോഗത്തില്‍ മാത്രമേ ഭാരവാഹികളുടെ ചാര്‍ജ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്നു കെ.പി.സി.സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ലീഡര്‍ അനുസ്മരണ സമ്മേളനത്തിനു ബദലായി, ചില ആളുകള്‍ നടത്തുന്ന യോഗത്തിനു ആശംസയറിയിച്ച് ഒരു  കെ.പി.സി.സി സെക്രട്ടറിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന  പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി ഇറക്കിയിരിക്കുന്നതാണെന്നു വ്യക്തമാണ്. ഒരു കെ.പി.സി.സി ഭാരവാഹിയ്ക്കും ഉത്തരവാദിത്വങ്ങള്‍ വീതം വച്ച്, നല്‍കാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി യു.കെയെ  പരാമര്‍ശിച്ച്  പ്രസ്താവന ഇറങ്ങിയതിനു പിന്നിലുള്ള നിജസ്ഥിതി കണ്ടെത്തണമെന്നും കുറ്റക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്കും  പരാതി നല്‍കുന്നതിനും ഒ.ഐ.സി.സി യു.കെ തീരുമാനിച്ചു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ബ്രിട്ടണിലെ ചിലയാളുകള്‍ കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കുന്നതിനായി കുറച്ചു നാളുകളായി നടത്തിവരുന്ന കാര്യങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് ഈ വ്യാജപ്രചരണം.   പാര്‍ട്ടിയുടെയോ പോഷകസംഘടനകളുടെയോ ഏതെങ്കിലും ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടു പോലുമില്ലാത്ത ബിസ്സിനസ്സുകാരായ രണ്ടു പേര്‍ ചേര്‍ന്നു എംബസി ജീവനക്കാരനായ ഒരാളെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തിവരുന്നത്. ഇതില്‍ ക്രോയിഡോണില്‍ നിന്നുള്ള ആള്‍ കോണ്‍ഗ്രസിന്റെ പേരില്‍ ബ്രിട്ടണില്‍ കമ്പനി രൂപീകരിച്ച് ആളെക്കടത്തിനു ശ്രമിച്ചുവെന്നു ആരോപണം ഉയര്‍ന്നിട്ടുള്ള വ്യക്തിയാണ്. ബ്രിട്ടണിലെ മലയാളികളുടെ ലക്ഷക്കണക്കിനു പൗണ്ട് തട്ടിപ്പ് നടത്തിയ പോണ്‍സി സ്വിച്ച് ഇടപാട് നടത്തിയ കമ്പനി ഡയറക്ടറാണ് മറ്റൊരാള്‍ . കോണ്‍ഗ്രസിന്റെ പേരും പറഞ്ഞ് പുറത്തിറങ്ങാനാവാത്ത ഇരുവരും ചേര്‍ന്ന് കേരളത്തിലെ എല്ലാ  പാര്‍ട്ടിയുടേയും രാഷ്ട്രീയ നേതാക്കളുമായി ഒരു പോലെ പരിചയമുള്ള എംബസിയിലെ ജീവനക്കാരനെ   മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ നടത്തി വരുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫ്രാന്‍സിസ് വലിയപറമ്പില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ജനുവരി 21നു ശ്രീ.  കെ.മുരളീധരന്‍ എം.എല്‍ എ പങ്കെടുത്ത് ലണ്ടന്‍ ഈസ്റ്റ്ഹാമില്‍  നടത്തപ്പെട്ട പ്രഥമ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം അലങ്കോലപ്പെടുത്താനും ഇവരുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ക്കാരമുള്ള യു.കെയിലെ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നു പരിപാടി വന്‍വിജയമാക്കി മാറ്റുകയാണുണ്ടായത്.   ഇത്തവണയും ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍വിജയമാക്കി മാറ്റുമെന്നും  ഒ.ഐ.സി.സി ലണ്ടന്‍ റീജണല്‍ പ്രസിഡന്റ് ടോണി ചെറിയാന്‍ , പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കുമാര്‍ സുരേന്ദ്രന്‍ , കണ്‍വീനര്‍  അല്‍സാഹിര്‍ അലി  എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി സജീവമായ പ്രവര്‍ത്തനം നടന്നുവരുകയാണെന്നും ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.