Breaking News

Trending right now:
Description
 
Mar 15, 2017

ഐഎപിസിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

image ന്യൂയോര്‍ക്ക്‌: ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പുതിയ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി ചുമതലയേറ്റു. ആന്റന്‍സില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി നേതാക്കളും ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്തു. പത്മശ്രീ പുരസ്‌കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്‌.ആര്‍.ഷായെ ചടങ്ങില്‍ ആദരിച്ചു. ദ്‌ സൗത്ത്‌ ഏഷ്യന്‍ ടൈംസിന്റെയും ദ്‌ ഏഷ്യന്‍ ഇറയുടെയും മാനേജിങ്‌ എഡിറ്റര്‍ പര്‍വീണ്‍ ചോപ്രയില്‍നിന്നു ഐഎപിസി പ്രസിഡന്റു സ്ഥാനം ദ്‌ ഇന്ത്യന്‍ പനോരമയുടെ എഡിറ്ററും പബ്ലിഷറുമായ പ്രഫ.ഇന്ദ്രജിത്ത്‌ എസ്‌.സലൂജ ഏറ്റെടുത്തു. ചടങ്ങിലെ മുഖ്യാതിഥിയും നസുവാ കൗണ്ടി കണ്‍ട്രോളറുമായ ജോര്‍ജ്‌ മാര്‍ഗോസ്‌ പുതിയ ഭാരവാഹികള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. കോരസണ്‍ വര്‍ഗീസ്‌ (എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌), ജെയിംസ്‌ കിരക്കാട്ടില്‍, മിനി നായര്‍, അനില്‍മാത്യു, ത്യേസ്യാമ്മ നാടാവള്ളിയില്‍ (വൈസ്‌ പ്രസിഡന്റുമാര്‍), ഈപ്പന്‍ ജോര്‍ജ്‌ (ജനറല്‍ സെക്രട്ടറി), തമ്പാനൂര്‍ മോഹനന്‍, അരുണ്‍ ഹരി, ഫിലിപ്പ്‌ മാരേറ്റ്‌, ലിജോ ജോണ്‍ (സെക്രട്ടറിമാര്‍), ബിജു ചാക്കോ (ട്രഷറര്‍), സജി ചാക്കോ (ജോയിന്റ്‌ ട്രഷറര്‍), ജിനു ആന്‍ മാത്യു (പിആര്‍ഒ), രൂപ്‌സി അരൂള (നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍) തുടങ്ങിയവരാണ്‌ മറ്റു ഭാരവാഹികള്‍.

ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌ മോന്‍ പി.സക്കറിയ മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞു. വാഷിങ്‌ടണ്‍ ഡിസിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന കമ്യൂണിറ്റി പത്രങ്ങളായ എക്‌സ്‌പ്രസ്‌ ഇന്ത്യയുടെയും ഇന്ത്യ ദിസ്‌ വീക്കിന്റെയും പബ്ലിഷറും ഡിസി ഹെല്‍ത്ത്‌ കെയര്‍ കിരയുടെ സിഇഒയും എസ്‌എം റിയാലിറ്റിയുടെ പ്രസിഡന്റുമായ ബാബു സ്റ്റീഫനാണ്‌ പുതിയ ചെയര്‍മാന്‍. രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി തന്നെ ആദരിച്ചതിനു ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാമന്ത്രിയോടും എച്ച്‌.ആര്‍.ഷാ നന്ദി അറിയിച്ചു. ഐഎപിസിയുടെ ആദരവിനും അദ്ദേഹം നന്ദിപറഞ്ഞു. ന്യുയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ ഡോ.മനോജ്‌ കുമാര്‍ മൊഹപത്ര ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. പരീഖ്‌ വേള്‍ഡ്‌ വൈഡ്‌ മീഡിയ ചെയര്‍മാന്‍ ഡോ.സുധീര്‍ പരീഖ്‌, ജോര്‍ജ്‌ മാര്‍ഗോസ്‌, സെന്റര്‍ ഫോര്‍ കമ്യുണിറ്റി ആന്‍ഡ്‌ എത്‌നിക്‌ മീഡിയ കോ ഡയറക്ടര്‍ ജഹാംഗീര്‍ ഘട്ടക്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോ.വി.കെ.രാജു, ഡോ.ലീല രാജു എന്നിവരുടെ മ്യൂസിംഗ്‌സ്‌ ഓണ്‍ മെഡിസിന്‍, മിത്‌ ആന്‍ഡ്‌ ഹിസ്‌റ്ററി ഇന്ത്യാസ്‌ ലഗസി എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു. ന്യൂജേഴ്‌സി സ്‌ട്രീറ്റ്‌ തിയറ്റര്‍ ഗ്രൂപ്പ്‌ അവതരിപ്പിച്ച്‌ സ്‌കിറ്റും പ്രയോഗ്‌ കല്‍പിത ചകോട്ട്‌ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തവും സെന്റ്‌ ജോണ്‍സ്‌ കോളജ്‌ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബങ്കാര നൃത്തവും ചടങ്ങിന്‌ കൊഴുപ്പേകി.