Breaking News

Trending right now:
Description
 
Mar 07, 2017

കൂത്താട്ടുകുളം ദുരന്തം; വാനിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതായി കണ്ടെത്തി

image കൂത്താട്ടുകുളം പുതുവേലി വൈക്കം റോഡ്‌ കവലയില്‍ വാന്‍ നിയന്ത്രണം വിട്ട്‌ മണ്‍തിട്ടയിലിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായത്‌ വാനിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ്‌ കാരണമെന്നു കണ്ടെത്തി. ബ്രേക്കിനു തകരാര്‍ ഉള്ളതായി വാഹനവകുപ്പ്‌ ഉദ്യോഗസഥരുടെ പരിശോധനയിലാണ്‌ വ്യക്തമായത്‌. ബ്രേക്ക്‌ ചവിട്ടിയിട്ടും വാഹനം നിര്‍ത്താനാവാതെ വന്നതോടെ മണ്‍തിട്ടയില്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ്‌ കരുതുന്നത്‌. കൂത്താട്ടുകുളം മേരിഗിരി പബ്ലിക്‌ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥികളായ മുത്തോലപുരം വട്ടപ്പാറയില്‍ ആന്‍മരിയ ഷിജി (6), മുത്തോലപുരം പെരുമ്പിള്ളില്‍ നയന ദിലീപ്‌ (6), വാനിന്റെ ഡ്രൈവര്‍ മുത്തോലപുരം ചക്കാലപ്പാറ തെക്കേപള്ളിക്കാപ്പറമ്പില്‍ ജോസ്‌ ജേക്കബ്‌ (സിബി-47) എന്നിവരാണ്‌ മരിച്ചത്‌. സ്‌കൂളിലേക്ക്‌ വിദ്യാര്‍ഥികളുമായി വരുന്നതിനിടെയാണ്‌ അപകടം. 13 വിദ്യാര്‍ഥികള്‍ക്കു പരുക്കുണ്ട്‌. ആന്‍മരിയ, നയന എന്നിവരുടെ മൃതദേഹം ഇന്ന്‌ 10നു സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ജോസിന്റെ സംസ്‌കാരം ഇന്നു മൂന്നിനു മുത്തോലപുരം സെന്റ്‌ സെബാസ്‌റ്റിയന്‍സ്‌ പള്ളിയില്‍. ഭാര്യയും രണ്ടുമക്കളുമുണ്ട്‌. നയനയുടെ സംസ്‌കാരം ഇന്നു രണ്ടിന്‌ വീട്ടുവളപ്പില്‍ നടത്തും. ആന്‍മരിയുടെ സംസ്‌കാരം നാളെ രാവിലെ 9.30ന്‌ മുത്തോലപുരം ജോസ്‌ഗിരി സെന്റ്‌ ജോസഫ്‌ പള്ളിയില്‍. ഖത്തറില്‍ ഉദ്യോഗസ്ഥനാണ്‌ നയനയുടെ പിതാവ്‌ ദിലീപ്‌. അമ്മ: മഞ്‌ജു. ആന്‍മരിയയുടെ പിതാവ്‌: ഷിജി. അമ്മ: സിമിലി.