Breaking News

Trending right now:
Description
 
Mar 06, 2017

ഗായത്രിവീണയില്‍ 69 ഗാനങ്ങള്‍വായിച്ച്‌ വിജയലക്ഷ്‌മി ലോക റിക്കാര്‍ഡിലേക്ക്‌

image ഒരു തന്ത്രിമാത്രമുള്ള സംഗീതോപകരണം-ഗായത്രിവീണയില്‍ ആറുമണിക്കൂര്‍ കൊണ്ട്‌ 69 ഗാനങ്ങള്‍ വായിച്ച്‌ പ്രശസ്‌ത ഗായിക വൈക്കം വിജയലക്ഷമി ലോക റിക്കാര്‍ഡിലേക്ക്‌. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ കാഴ്‌ചയില്ലാത്ത വിജയലക്ഷ്‌മി ഗായത്രിവീണയില്‍ ഗാനമഴ പെയ്യിച്ചതോടെ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌ ഫോറത്തിന്റെ (യുആര്‍എഫ്‌) റിക്കാര്‍ഡ്‌ സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10ന്‌ സംഗീതസംവിധായകന്‍ വിദ്യാധരന്‍ ദീപം തെളിയിച്ചാണ്‌ സംഗീതാര്‍ച്ചനയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. അഞ്ചുമണിക്കൂറില്‍ 51 ഗാനങ്ങള്‍ ലക്ഷ്യമിട്ടാരംഭിച്ച സംഗീത വിരുന്നില്‍ വൈകിട്ടു മൂന്നരയോടെ 67 ഗാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്നു ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം... എന്ന ഗാനവും അവസാനമായി തെലുങ്ക്‌ ചിത്രം ശങ്കരാഭരണത്തിലെ ശങ്കരാ നാദശരീരാപരാ എന്ന പാട്ടോടെയാണ്‌ സംഗീത വിരുന്ന്‌ അവസാനിച്ചത്‌. കര്‍ണാടകസംഗീതത്തിലെ പ്രശസ്‌തമായ 12 കൃതികളും മലയാളത്തിലെ മറക്കാനാവാത്ത 18 ഗാനങ്ങളും വീണകമ്പികളില്‍ മീട്ടി. മണിക്കൂറില്‍ അഞ്ചുമിനിറ്റ്‌ വീതമായിരുന്നു വിശ്രമം. ഇടവേളകളില്‍ കുടിക്കുന്ന വെള്ളം മാത്രമായിരുന്നു ഊര്‍ജ്ജം. അതോടൊപ്പം പിതാവ്‌ വി.മുരളീധരനും അമ്മ വിമലയുടെയും പ്രാര്‍ഥനയുടെ കരുത്തുമായിരുന്നു വിജയലക്ഷ്‌മിയെ വിജയത്തിലെത്തിച്ചത്‌.