Breaking News

Trending right now:
Description
 
Mar 05, 2017

അസാധുവാക്കിയ നോട്ട്‌ നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്ക്‌ സമയം നീട്ടിനല്‍കണം

image അസാധുവാക്കിയ 500, 1000 നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി പ്രവാസികള്‍ക്കു നീട്ടി നല്‍കണമെന്ന ആവശ്യ പരിഗണിക്കാത്തതില്‍ ആലപ്പുഴയിലെ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രതിഷേധിച്ചു. പ്രവാസികള്‍ക്ക്‌ സമരപരിധി കുറഞ്ഞത്‌ ഒന്നരവര്‍ഷത്തേക്കെങ്കിലും നീട്ടണമെന്നം എല്ലാ പട്ടണത്തിലും നിക്ഷേപത്തിന്‌ ആയാസരഹിതമായ അവസരം ഒരുക്കണമെന്നും നിരവധി സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. ദി സ്‌പെസിഫൈഡ്‌ ബാങ്ക്‌ നോട്ട്‌സ്‌ (സീസേഷന്‍ ഓഫ്‌ ലയബലറ്റീസ്‌) ബില്‍ 2017 ലോക്‌സഭയില്‍ ഫെബ്രുവരി മൂന്നിന്‌ അവതരിപ്പിച്ചു. ഏഴിന്‌ പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതോടെ അധ്വാനശീലരും സത്യസന്ധരുമായ പ്രവാസികള്‍ നിന്ന നില്‍പ്പില്‍ കുറ്റവാളികളായി മാറി. 2016 ഡിസംബര്‍ 30ന്‌ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമാണ്‌ ബില്‍ റദ്ദാക്കിയ പത്തിലധികം നോട്ടുകള്‍ ബില്‍ അനുസരിച്ച്‌ മാര്‍ച്ച്‌ 31നു ശേഷം കൈവശംവച്ചാല്‍ വന്‍തുക പിഴയായി നല്‍കേണ്ടിവരുക. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരായ മിക്കവരും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൂടുമ്പോഴാണ്‌ നാട്ടില്‍ വന്നുപോകുക. പല ആവശ്യങ്ങള്‍ക്ക്‌ തുക ഒരുമിച്ചെടുത്തു ബന്ധുക്കളെ ഏല്‍പ്പിച്ചിട്ടുണ്ടാവും ഭൂരിപക്ഷംപേരും. നാട്ടിലെ പ്രായമേറിയവര്‍ക്കും ശാരീരിക അവശതകള്‍ ഉള്ളവരുമായ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബാങ്കില്‍ പോയി ഓരോ ആവശ്യങ്ങള്‍ക്കും പണമെടുത്തുപയോഗിക്കുക പ്രായോഗികമല്ലാത്തതിനാലാണ്‌ ഇങ്ങനെ ചെയ്‌തിരുന്നത്‌. ഇത്തരക്കാരെയാണ്‌ ഈ നടപടി ഏറെ ബുദ്ധിമുട്ടിച്ചിരി്‌കകുന്നത്‌. അസാധുനോട്ടുകള്‍ കേരളത്തിലെ റിസര്‍വ്‌ ബാങ്ക്‌ ശാഖകളില്‍ പോലും മാര്‍ച്ച്‌ 31വരെ നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്ക്‌ അവസരമില്ലാതായി. പ്രവാസികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇതിനായി പോകണം. ഈ നടപടി തികച്ചും മനുഷ്യാവകാശ ലംഘനമാണ്‌. പ്രവാസികള്‍ നാട്ടിലെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ഉറവിടം കാണിക്കാവുന്ന കറന്‍സിനോട്ടുകള്‍ പരിധിയില്ലാതെ ഒന്നരവര്‍ഷത്തിനുള്ളില്‍ മാറ്റിനല്‍കുകയാണ്‌ വേണ്ടത്‌. അതു കള്ളപ്പണമല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക്‌ അതിനുള്ള അവകാശമുണ്ട്‌. സാധാരണക്കാര്‍ അധ്വാനിച്ചുനേടിയ പണം കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ വെറുതെ നശിപ്പിക്കുകയാണ്‌. അത്‌ രാഷ്ട്രത്തിന്റെ നഷ്ടമാണെന്നു തിരിച്ചറിവ്‌ വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.