Breaking News

Trending right now:
Description
 
Mar 04, 2017

ബജറ്റില്‍ ആരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും ഊന്നല്‍

image പിണറായി വിജയന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ആരോഗ്യത്തിനൊപ്പം പശ്ചാത്തല സൗകര്യവികസനത്തിനും പൊതുവിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കുന്നു. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ രോഗികള്‍ക്കു പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍വഴി സൗജന്യ ഗുളിക നല്‍കുമെന്നും അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കുശേഷം വേണ്ട മരുന്നുകള്‍ നിലവിലുള്ളതിന്റെ 10 ശതമാനം വിലയ്‌ക്കു ലഭ്യമാക്കുമെന്നും ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിച്ച ബജറ്റില്‍ ഉറപ്പുനല്‍കുന്നു. കാരുണ്യ പദ്ധതി വിഹിതമായ 350 കോടി ഉള്‍പ്പെടെ ആരോഗ്യസഹായമായി 1000 കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. സാമൂഹിക സുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധന വരുത്തി 1100 രൂപയാക്കി. 60 വയസിനു മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷനും വാഗ്‌ദാനമുണ്ട്‌. പ്രവാസി ക്ഷേമപെന്‍ഷന്‍ 500ല്‍നിന്നു 2000 രൂപയാക്കി. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും വികസനത്തിന്‌ 500 കോടി രൂപ വകയിരുത്തി. സര്‍്‌ക്കാര്‍ സ്‌കൂളുകളില്‍ 45000 ഹൈടെക്‌ ക്ലാസ്‌ മുറികള്‍ക്ക്‌ 500 കോടി രൂപ മുടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 2500ലേറെ അധ്യാപകരുടെ തസ്‌തികകള്‍ സൃഷ്ടിക്കും. ആധുനിക അറവുശാലകള്‍ക്ക്‌ 100 കോടിരൂപ, വൈദ്യുതി ശ്‌മശാനങ്ങള്‍ക്ക്‌ 100 കോടി, മാലിന്യനിക്ഷേപത്തിന്‌ 50 കോടി, ശുചിത്വമിഷനു 127 കോടി, റേഷന്‍ സബ്‌സിഡിക്ക്‌ 900 കോടിരൂപ, റേഷന്‍ കടകളില്‍ ബയോമെട്രിക്‌ സംവിധാനങ്ങള്‍ ഒരുക്കാന്‍ 117 കോടി, നെല്ലു സംഭരണത്തിന്‌ 700 കോടി, വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‌ 200 കോടി, കണ്‍സ്യൂമര്‍ഫെഡിന്‌ 150 കോടി, ഹോര്‍ട്ടി കോര്‍പ്പിന്‌ 100 കോടിരൂപ അനുവദിച്ചു.

അഞ്ചുവര്‍ഷം കൊണ്ട്‌ 50,000 കോടിയുടെ റോഡ്‌ നവീകരണ പദ്ധതികള്‍, മലയോര ഹൈവേയ്‌ക്ക്‌ 3500 കോടിയും തീരദേശ ഹൈവേയ്‌ക്ക്‌ 6500 കോടിയും കെഎസ്‌എഫ്‌ഇ പ്രവാസിചിട്ടിവഴി സമാഹരിക്കും. റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1351 കോടിരൂപ നീക്കിവച്ചു. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സൗജന്യ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കും. ആശാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പാചകതൊഴിലാളികള്‍, പ്രൈമറി അധ്യാപകര്‍ എന്നിവര്‍ക്ക്‌ ഓണറേറിയം 500 രൂപവീതം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടുത്തവര്‍ഷംമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പ്രദ്ധതിയും പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്‌ മൂന്നുവര്‍ഷംകൊണ്ട്‌ 3000 കോടി രൂപയുടെ പാക്കേജ്‌ നടപ്പാക്കും. ജലവൈദ്യുത പദ്ധതികള്‍ക്ക്‌ 268 കോടിരൂപ അനുവദിച്ചു. ക്ഷീരകര്‍ഷകര്‍ക്ക്‌ 1100 രൂപ പെന്‍ഷന്‍, ജില്ലയില്‍ ഒന്നു വീതം ഓട്ടിസം പാര്‍ക്കുകള്‍. ഇതിനായി ഏഴുകോടിരൂപ, ശബരിമല മാസ്റ്റര്‍ പ്ലാനിന്‌ 25 കോടിരൂപ, കൊച്ചി ബിനാലെയ്‌ക്ക്‌ 2 കോടിരൂപ, തടവുകാരുടെ അടിസ്ഥാനവേതനത്തില്‍ 20 ശതമാനം വര്‍ധന, ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ 1309, സ്‌റ്റാഫ്‌ നഴ്‌സ്‌ 1610 അടക്കം പുതിയ 5257 തസ്‌തികകള്‍, അക്രമങ്ങളില്‍ ഇരകളാകുന്ന സ്‌ത്രീകളുടെ സംരക്ഷണത്തിനു പുനരധിവാസത്തിനും 5 കോടി രൂപ, നെല്ലു സംഭരണത്തിന്‌ 700 കോടി, റബറിനു 150 രൂപ ഉറപ്പുവരുത്തുന്ന വില സ്ഥിരതാ പദ്ധതിക്ക്‌ 500 കോടിരൂപ വകയിരുത്തി.