Breaking News

Trending right now:
Description
 
Feb 28, 2017

ജന്മനാ ഉള്ള ഹൃദയരോഗങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ല

ഡോ. രേണു പി. കുറുപ്പ്‌, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌, പീഡിയാട്രിക്‌ കാര്‍ഡിയോളജി, ആസ്റ്റര്‍ മിംസ്‌, കോഴിക്കോട്‌
image ആഗോളതലത്തില്‍ ഓരോ പതിനഞ്ചു മിനിട്ടിലും ജന്മനാ ളള്ള ഹൃദയവൈകല്യവുമായി (കണ്‍ജെനിറ്റല്‍ ഹാര്‍ട്ട്‌ ഡിഫക്ട്‌- സിഎച്ച്‌ഡി) ഒരോ കുഞ്ഞ്‌ ജനിക്കുന്നു എന്നാണ്‌ കണക്കുകള്‍. കുഞ്ഞു ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന സന്തോഷത്തിന്റെ അവസരം നവജാതശിശുവിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള ആശങ്കയുടെയും സമ്മര്‍ദ്ദത്തിന്റെയും അവസരമായി മാറുന്നത്‌ ഒന്നു സങ്കല്‌പിച്ചു നോക്കൂ. മുലപ്പാല്‍ വലിച്ച്‌ കുടിക്കുന്നതിനുള്ള ബുദ്ധിമുട്ട്‌, തൂക്കക്കുറവ്‌, കളിക്കുമ്പോഴുള്ള കിതപ്പ്‌, തുടര്‍ച്ചയായി നെഞ്ചിന്‌ അണുബാധ, ചര്‍മ്മവും നഖവും നീല നിറത്തിലാവുക തുടങ്ങിയ ലക്ഷണങ്ങളാണ്‌ കാണപ്പെടുക.

 
സിഎച്ച്‌ഡി ഉള്ള കുഞ്ഞുങ്ങളില്‍ മരണനിരക്ക്‌ 10 ശതമാനമാണ്‌. ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ എട്ട്‌ കുഞ്ഞുങ്ങള്‍ സിഎച്ച്‌ഡി ആയി ജനിക്കുന്നു. അതായത്‌ ഓരോ വര്‍ഷവും ഏകദേശം ഒരുലക്ഷത്തി എണ്‍പതിനായിരം കുഞ്ഞുങ്ങള്‍ എന്നതാണ്‌ നിരക്ക്‌. ഇതില്‍ മൂന്നിലൊന്ന്‌ കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥ നേരിടുന്നവരാണ്‌. ഇവര്‍ക്ക്‌ ജനിച്ച്‌ ആദ്യവര്‍ഷത്തില്‍ത്തന്നെ ശസ്‌ത്രക്രിയ ആവശ്യമായി വരുന്നു.

ഇന്ന്‌ സിഎച്ച്‌ഡി രോഗനിര്‍ണ്ണയത്തിനും ചികിത്സയ്‌ക്കുമായി സത്വരവും നൂതനവുമായ മാര്‍ഗങ്ങളുണ്ട്‌. രോഗനിര്‍ണ്ണയ ഉപകരണങ്ങളുടെ സഹായത്താല്‍ ജനിക്കുന്നതിനുമുമ്പുതന്നെ രോഗനിര്‍ണ്ണയം സാധ്യമാകുന്നു. ഇന്ന്‌ ലഭ്യമായിട്ടുള്ള ചികിത്സയിലൂടെ സിഎച്ച്‌ഡി ഉള്ള 75 ശതമാനത്തിനു മുകളില്‍ കുഞ്ഞുങ്ങളും ഒരു വയസിനുമുമ്പുതന്നെ ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചിട്ടുണ്ട്‌. മിക്കവരും അതിനുശേഷം സാധാരണജീവിതം നയിക്കുന്നു. 

സിഎച്ച്‌ഡി പല തരത്തിലുണ്ട്‌. ഹൃദയ ഭിത്തികളില്‍ വരുന്ന ദ്വാരങ്ങള്‍ മുതല്‍ വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാകാം. ചില ഹൃദ്രോഗങ്ങളില്‍ അശുദ്ധരക്തം ശുദ്ധരക്തവുമായി കലര്‍ന്ന്‌ കുട്ടികളില്‍ നീലനിറം ഉണ്ടാകാറുണ്ട്‌. ഇതില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌ ടെട്രലോഗി ഓഫ്‌ ഫാലറ്റ്‌ അല്ലെങ്കില്‍ ബ്ലൂ ബേബി സിന്‍ഡ്രോം എന്നറിയപ്പെടുന്ന അസുഖമാണ്‌.

Related image

സിഎച്ച്‌ഡികളില്‍ ഭൂരിഭാഗവും ചികിത്സ ലഭ്യമായിട്ടുള്ളവയാണ്‌. പല രീതിയിലുള്ള ചികിത്സാരീതികള്‍ ലഭ്യമാണ്‌. ചില തരത്തിലുള്ള സിഎച്ച്‌ഡികള്‍ (എഎസ്‌ഡി, വിഎസ്‌ഡി, പിഡിഎ) കാത്ത്‌ലാബില്‍ ശസ്‌ത്രക്രിയ ഇല്ലാതെ ഡിവൈസുകള്‍ ഉപയോഗിച്ച്‌ അടയ്‌ക്കാവുന്നവയാണ്‌. ചില ശസ്‌ത്രക്രിയകള്‍ ഘട്ടംഘട്ടമായി ചെയ്യേണ്ടവയാണ്‌. എത്രയും നേരത്തെ ചികിത്സ തുടങ്ങുന്നുവോ അല്ലെങ്കില്‍ ശസ്‌ത്രക്രിയ ചെയ്യുന്നുവോ അത്രയും മികച്ചതായിരിക്കും ഫലവും.

നല്ലോരു ശതമാനം സിഎച്ച്‌ഡികളും വിജയകരമായി ചികിത്സിച്ചുമാറ്റാവുന്നതാണെങ്കിലും ആശങ്കയുളവാക്കുന്ന ഒരു കാര്യമുണ്ട്‌. ശസ്‌ത്രക്രിയ ആവശ്യമായി വരുന്ന നവജാതശിശുക്കളിലും കുഞ്ഞുങ്ങളിലും ആകെ രണ്ടുമുതല്‍ അഞ്ചു ശതമാനം പേര്‍ക്കു മാത്രമേ അത്‌ ലഭ്യമാവുന്നുള്ളൂ. ഏകദേശം 4000 മുതല്‍ 5000 കുഞ്ഞുങ്ങളില്‍ മാത്രമേ ശസ്‌ത്രക്രിയ നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നുള്ളൂ എന്നതും ഒരു വലിയവിഭാഗം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു എന്നുമാണ്‌ ഇതില്‍നിന്നു മനസ്സിലാവുന്നത്‌.

Image result for blue baby syndrome

ഇതിനുള്ള പ്രധാന കാരണം പീഡിയാട്രിക്‌ കാര്‍ഡിയോളജി പരിചരണമെന്നത്‌ ചെലവേറിയതാണ്‌ എന്നുള്ളതാണ്‌. ക്രൂരതയെന്നു തോന്നാമെങ്കിലും ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ അല്ലെങ്കില്‍ പാവപ്പെട്ട കുടുംബങ്ങള്‍ ചികിത്സ നല്‌കുക എന്നതിനേക്കാള്‍ മറ്റൊരു കുഞ്ഞുണ്ടാവുക എന്നതാണ്‌ എളുപ്പമെന്ന്‌ കരുതുന്നു. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക്‌ ഏകദേശം ഒന്നര മുതല്‍ രണ്ടര ലക്ഷം രൂപ വരെ ചെലവ്‌ വരുന്നു. അത്‌ മിക്കവര്‍ക്കും താങ്ങാനാവുന്നതല്ല. ഈ കാര്യങ്ങള്‍ സിഎച്ച്‌ഡി ഉള്ള കുഞ്ഞുങ്ങളുടെ സമഗ്ര പരിചരണം നല്‌കുന്നതിന്‌ വെല്ലുവിളിയാവുന്നു.
ഭാഗ്യവശാല്‍ ഗവണ്‍മെന്റ്‌ സ്‌കീമുകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, ജനങ്ങളില്‍നിന്നുള്ള ഫണ്ട്‌ ശേഖരണം, മറ്റ്‌ സാമ്പത്തിക പിന്തുണ എന്നിവയിലൂടെ സിഎച്ച്‌ഡി ഉള്ള ധാരാളം കുഞ്ഞുങ്ങള്‍ക്കും നവജാത ശിശുക്കള്‍ക്കും ചികിത്സ ലഭ്യമാകുന്നുണ്ട്‌.

സിഎച്ച്‌ഡിക്ക്‌ നൂതന പീഡിയാട്രിക്‌ ഹൃദയ ശസ്‌ത്രക്രിയകള്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്‌ മറ്റൊരു കാര്യം. ഇതിനായി വന്‍ മുതല്‍മുടക്ക്‌ വേണ്ടിവരുന്നതിനാല്‍ ഈ സൗകര്യങ്ങള്‍ ലഭ്യമായുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ വളരെ കുറവാണ്‌. 

എന്നാല്‍ പ്രതീക്ഷക്ക്‌ വകയുണ്ട്‌. ഇപ്പോള്‍ സിഎച്ച്‌ഡി ഉള്ള നവജാതശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനുവേണ്ടി ധാരാളം സ്ഥാപനങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. പീഡിയാട്രീഷ്യന്മാരിലും അവബോധം വളര്‍ന്നുകൊണ്ടിരിക്കുന്നു. ആസ്‌റ്റര്‍ മിംസിന്റെ സെന്റര്‍ ഫോര്‍ കാര്‍ഡിയാക്‌ സയന്‍സസ്‌ പോലുള്ള സ്വകാര്യ മുതല്‍മുടക്കുള്ള ആരോഗ്യസ്ഥാപനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ആസ്റ്റര്‍ മിംസില്‍ രോഗികള്‍ക്ക്‌ ഈ മേഖലയിലെ നൂതന സൗകര്യങ്ങളുള്‍പ്പെടെയുള്ള എല്ലാ ചികിത്സരീതികളും ലഭ്യമാണ്‌. കുഞ്ഞുങ്ങളിലും നവജാതശിശുക്കളിലും എല്ലാവിധത്തിലുമുള്ള ഇന്റര്‍വെന്‍ഷന്‍സും ഹൃദയ ശസ്‌ത്രക്രിയകളും ചെയ്യാന്‍ പര്യാപ്‌തരായ സംഘം ആസ്റ്റര്‍ മിംസിലുണ്ട്‌. അവബോധം വര്‍ധിച്ചതോടെ സിഎച്ച്‌ഡി ഉള്ള കൂടുതല്‍ കുഞ്ഞുങ്ങള്‍ ഈ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക്‌ റെഫര്‍ ചെയ്യപ്പെടുന്നുണ്ട്‌. ജന്മന ഉള്ള ഹൃദയ രോഗങ്ങള്‍ ജീവിതത്തിന്റെ അവസാനമാകുന്നില്ല ! ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ആരോഗ്യകരമായ സാധാരണ ജീവിതം നയിക്കാമെന്ന പ്രതീക്ഷക്ക്‌ വകയുണ്ട്‌!