Breaking News

Trending right now:
Description
 
Feb 28, 2017

കെ.എം.മാണി നിരാഹാര സമരം നടത്തി; കാരുണ്യപദ്ധതി നിര്‍ത്തില്ലെന്നു ധനമന്ത്രി

image കാരുണ്യ ഭാഗ്യക്കുറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച്‌ നിര്‍ധനര്‍ക്ക്‌ ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ചികിത്സാ സഹായപദ്ധതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളുടെ പിന്തുണയോടെ ചെറുക്കുമെന്നു കേരളാ കോണ്‍ഗ്രസ്‌ - എം ചെയര്‍മാന്‍ കെ.എം.മാണി എംഎല്‍എ വ്യക്തമാക്കി. കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ ഉപവാസ സമരത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. അതേസമയം, കാരുണ്യ ഉള്‍പ്പെടെ ആരോഗ്യസഹായ പദ്ധതികളില്‍ ഒരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ കെ.എം.മാണി സത്യഗ്രഹത്തിനു പുറപ്പെട്ടതില്‍ ഖേദമുണ്ട്‌. കാരുണ്യയുടെ കാര്യത്തില്‍ ഒരു സ്‌തംഭനവുമില്ലെന്നു ധനമന്ത്രി അറിയിച്ചു.

കാരുണ്യപദ്ധതി അട്ടിമറിക്കുന്നതിലൂടെ ഉണ്ടാകുന്ന പാപക്കറ മന്ത്രി തോമസ്‌ ഐസക്‌ എത്ര സോപ്പ്‌ ഉപയോഗിച്ചു കഴുകിക്കളഞ്ഞാലും ശരീരത്തില്‍നിന്നു മാറില്ലെന്നു മാണി പറഞ്ഞു. കാരുണ്യ പദ്ധതിയെ കൊലചെയ്‌ത സര്‍ക്കാരിന്‌ അമ്മമാര്‍ മാപ്പുതരില്ല. രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയ പദ്ധതിയാണിത്‌. 1500 കോടി രൂപ ചെലവില്‍ നടത്തിവന്ന ജീവകാരുണ്യ പ്രസ്ഥാനത്തെയാണ്‌ സര്‍ക്കാര്‍ ഇല്ലായ്‌മ ചെയ്യുന്നതെന്നു മാണി കുറ്റപ്പെടുത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം ഉപവാസപന്തലിലെത്തി മാണിക്ക്‌ സഭയുടെ പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌തു. പാര്‍ട്ടിയെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സമരരംഗത്തുണ്ടായിരുന്നു.