Breaking News

Trending right now:
Description
 
Feb 22, 2017

പുതുക്കിപണിത കൂനന്‍കുരിശ്‌ സുറിയാനിപ്പള്ളിയുടെ കൂദാശ

image കൊച്ചി മട്ടാഞ്ചേരിയില്‍ പുതുക്കിപ്പണിത സെന്റ്‌ ജോര്‍ജ്‌ കൂനന്‍കുരിശ്‌ സുറിയാനിപ്പള്ളിയുടെ കൂദാശ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു ദേവാലയം ലഭിച്ചതോടെയാണ്‌ നവീകരണത്തിനു തുടക്കംകുറിച്ചത്‌. കൊച്ചി രാജാവ്‌ നല്‍കിയ സ്ഥലത്ത്‌ 1751-ലാണ്‌ ചെറുദേവാലയം നിര്‍മിച്ചത്‌. അന്നു നിര്‍മിച്ച ഭിത്തികളും തറയും ബലിവേദിയും പൊളിച്ചുമാറ്റാതെ തനിമയാര്‍ന്ന ശില്‍പകലാ ചാരുതയിലാണു നവീകരണം നടത്തിയത്‌. പുരാതന ഈജിപ്‌തില്‍ പിരമിഡുകള്‍ നിര്‍മിക്കാനുപയോഗിച്ച സാങ്കേതികവിദ്യ അല്‍പം പരിഷ്‌കരിച്ചു ദേവാലയത്തിന്റെ കമാനങ്ങള്‍ നിര്‍മിക്കുകയായിരുന്നു. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുശേഷിപ്പ്‌ അടക്കം ചെയ്‌ത ബലിപീഠം അതേപടി നിലനിര്‍ത്തി. ബലിവേദിക്കു മുകളില്‍ പുരാതന രീതിയിലുള്ള മകുടം നിര്‍മിച്ചു. ഗള്‍ഫിലെ ബിസിനസുകാരനും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ പ്രസിഡന്റുമായ ജോണ്‍ സാമുവേലിന്റെ നേതൃത്വത്തിലാണ്‌ ദേവാലയം പുനര്‍നിര്‍മിച്ചത്‌. കേരളത്തിലെ സുറിയാനി സഭയെ പോര്‍ച്ചുഗീസ്‌ ആധിപത്യത്തിനു കീഴിലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സുറിയാനി ക്രിസ്‌ത്യാനികള്‍ കുരിശില്‍തൊട്ടു സത്യം ചെയ്‌തതാണ്‌ കൂനന്‍കുരിശു സത്യം എന്നപേരില്‍ അറിയപ്പെടുന്നത്‌.