Feb 21, 2017
ഹോംനഴ്സിനെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍
തൃശൂര്‍ പെരുമ്പിലാവില്‍ ഹോം നഴ്സിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ
കേസില്‍ സുഹൃത്ത് കോട്ടോല്‍ കൊട്ടിലിങ്ങല്‍ ഹുസൈനെ (32) പൊലീസ് അറസ്റ്റു
ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശിനി മഞ്ജുവാണ് (വര്‍ഷ-28) കൊല്ലപ്പെട്ടത്.
ഹുസൈന് ഭാര്യയും കുട്ടികളുമുണ്ട്. വിവാഹിതയായ മഞ്ജു ഭര്‍ത്താവിനെ
ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം കഴിയുകയായിരുന്നു. ഇയാള്‍ മരിച്ചതോടെയാണ്
ഹുസൈനുമായി പരിചയപ്പെട്ടത്. അന്‍സാര്‍ ആശുപത്രിയിലെ സെക്യൂരിറ്റി
ജീവനക്കാരനാണ് ഹുസൈന്. ആശുപത്രിക്കു മുമ്പിലെ ഹോം നഴ്സിങ്
സ്ഥാപനത്തിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. ഇതിനിടയിലാണ് ഇരുവരും
പരിചയപ്പെടുന്നതും കൂടുതല്‍ അടുത്തതും. ഞായറാഴ്ച ഹുസൈന്റെ ഭാര്യയും
കുട്ടികളും താമസസ്ഥലത്ത് ഇല്ലെന്നറിഞ്ഞ് മഞ്ജു എത്തി. ഏറെനേരം
ചിലവഴിച്ചശേഷം ഹുസൈനോട് പണം ആവശ്യപ്പെടുകയും വിവാഹം കഴിക്കണമെന്നു
അഭ്യര്‍ഥിക്കുകയും ചെയ്തുവെന്നു പൊലീസ് പറയുന്നു. ഇതു നിരസിച്ചതോടെ
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഹുസൈന് മഞ്ജുവിന്റെ
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ
വാഴത്തോപ്പില്‍ മൃതദേഹം ഉപേക്ഷിച്ചു. ഹുസൈന് പൊലീസ് സ്റ്റേഷനില്‍
കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു.