Breaking News

Trending right now:
Description
 
Feb 20, 2017

നടിക്കെതിരെ പീഡനശ്രമം: ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

image
മലയാള സിനിമയിലെ പ്രമുഖ നടിക്കുനേരെയുണ്ടായ പീഡനശ്രമത്തെ തുടര്‍ന്ന്‌ കൊച്ചിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്‌മ. സംഭവത്തില്‍ പ്രതിഷേധിക്കുന്നതോടൊപ്പം നിനക്കു കരുത്തായി ഞങ്ങളുണ്ടെന്നു പറയാന്‍കൂടിയാണ്‌ മലയാളത്തിലെ പ്രിയ അഭിനേതാക്കളും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ ഞായറാഴ്‌ വൈകിട്ട്‌ ദര്‍ബാര്‍ ഹാള്‍ മൈതാനത്ത്‌ അണിനരന്നത്‌. ദൗര്‍ഭാഗ്യകരമായ സംഭവമാണ്‌ നടന്നതെന്നും പ്രതികളെമുഴുവന്‍ പിടികൂടി സമൂഹത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമാ ഇന്നസെന്റ്‌ വ്യക്തമാക്കി. ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന സ്വപ്‌നം പങ്കുവച്ച സഹപ്രവര്‍ത്തകര്‍ യുവനടിക്കൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിച്ചു. നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലായിരുന്നു സിനിമ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്‌. മമ്മൂട്ടി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പ്രതിഷേധ കൂട്ടായ്‌മയില്‍ പങ്കെടുത്തവര്‍ ഏറ്റുചൊല്ലി. ദിലീപ്‌, ജയസൂര്യ, മനോജ്‌ കെ.ജയന്‍, ദേവന്‍, സിദ്ദീഖ്‌, രഞ്‌ജി പണിക്കര്‍, ലാല്‍, മഞ്‌ജുവാരിയര്‍, കെപിഎസി ലളിത, ആശാ ശരത്ത്‌, അനുമോള്‍, സരയു, മഞ്‌ജുപിള്ള, സംവിധായകരായ കമല്‍, ജോഷി, രഞ്‌ജിത്‌, സിബി മലയില്‍, ഗീതു മോഹന്‍ദാസ്‌, സംഗീത സംവിധായകന്‍ ദീപക്‌ ദേവ്‌, നിര്‍മാതാക്കളായ ആന്റോ ജോസഫ്‌, സിയാദ്‌ കോക്കര്‍ തുടങ്ങിയ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും കൂട്ടായ്‌മയില്‍ പങ്കാളികളായി.