Breaking News

Trending right now:
Description
 
Jan 17, 2013

അതിവേഗം, ബഹുദൂരം - കുശുമ്പുകള്‍ പലവിധം ഉലകില്‍ സുലഭം

image
കുശുമ്പ്‌, പരദൂഷണം തുടങ്ങിയ നന്മകള്‍ പാവം സ്‌ത്രീജനങ്ങള്‍ക്ക്‌ മാത്രമേയുള്ളുവെന്നാണ്‌ ലോകാരംഭം മുതല്‍ പറഞ്ഞു പരത്തിയിരുന്നത്‌. സത്യം അതല്ല. വിശുദ്ധാത്മാക്കള്‍ക്കും ഇത്തരം ദോഷം വന്നേക്കാമെന്ന്‌ നമ്മുടെ രാജ്യം ഭരിക്കുന്ന കുഞ്ഞൂഞ്ഞിന്‌ ഇപ്പോഴറിയാം. അതുകൊണ്ട്‌ ഇത്തരം പ്രലോഭനങ്ങളിലൊന്നും വശംവദനാകാതെ നമ്മുടെ കുഞ്ഞൂഞ്ഞ്‌ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയാണ്‌, "കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന്‌ ഇവര്‍ അറിയുന്നില്ല, ഇവരോട്‌ ക്ഷമിക്കേണമേ."

അല്ലെങ്കിലും, കൂടെയിരുന്ന്‌ കഞ്ഞികുടിച്ചിട്ട്‌ കണ്ണില്‍ ചോരയില്ലാതെ ഇങ്ങനെ പിന്നില്‍നിന്ന്‌ കുത്താമോ? പ്രതിപക്ഷം പോലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നടത്തി കൊടുക്കുന്ന പാവം കുഞ്ഞൂഞ്ഞിനെയും കൂട്ടരെയുമാണ്‌ അന്തോനീച്ചായനും സുധീരന്‍ജിയൂം കൂടി പീഢിപ്പിക്കുന്നത്‌. 

കഴിഞ്ഞാഴ്‌ച അന്തോനിച്ചന്‍ മന്ത്രി ഡല്‍ഹിയില്‍ നിന്ന്‌ പറന്നിറങ്ങി പറഞ്ഞത്‌ എന്തൊക്കെയാ? പാവം കുഞ്ഞൂഞ്ഞീന്റെ ഭരണം എന്ന അസൈന്‍മെന്റിന്‌ മാര്‍ക്കിടുന്ന മാതിരി, ആന്റണി എന്തൊക്കെയാ പറഞ്ഞത്‌. "അതിവേഗം ഓടീട്ട്‌ കാര്യമില്ല, ഇവിടെ ആകെ പ്രശ്‌നമാ, മത സാമുദായിക ശക്തികള്‍ കേറി ഭരിക്കുവല്ലേ എന്നൊക്കെ. അതിനു മുമ്പ്‌ പറഞ്ഞു ഇവിടെ വ്യവസായം ഇല്ല, അതുകൊണ്ടുവരാന്‍ ധൈര്യമില്ല. ആകെ ശരിയല്ല. ഇത്ര ധൃതി വേണ്ട. സാവകാശം ചെയ്‌താ മതി എന്നൊക്കെ."

നൂറു ദിവസം കൊണ്ട്‌ കേരളം പറുദീസയാക്കുവാന്‍ ഇറങ്ങിയ പാവം മുഖ്യന്റെ മനസ്‌ ആകെ ഇടിഞ്ഞുപോയി. 

പാവം കോടിയേരിയുടെ ഭാഗ്യക്കുറവെന്ന്‌ പറഞ്ഞാല്‍ മതി. അന്തോനീച്ചായന്റ അടുത്തെങ്ങാനും കോടിയേരി സാര്‍ ഇരിപ്പുണ്ടായിരുന്നേല്‍ അന്തോനിച്ചായന്‍ തിരുവഞ്ചൂരിന്റെ ചെവിക്കിട്ട്‌ കിഴുക്കിയിട്ട്‌ പറഞ്ഞേനെ, "ബെസ്‌റ്റ്‌ മിനിസ്‌ട്രാന്നും പറഞ്ഞ്‌ ഇരിക്കുവാ...പോയി നോക്കി പഠിക്ക്‌ കോടിയേരി എങ്ങനെയാ നാട്‌ കാത്തതെന്ന്‌."

തീവ്രവാദികള്‍ ബോംബിടുമെന്നോ മറ്റോ ആണ്‌ അന്തോനിച്ചായന്‍ പറഞ്ഞതെന്ന്‌ തോന്നുന്നു. മന്‍മോഹന്‍ സിങ്ങിന്റെ കാര്യത്തില്‍ ഉത്‌കണ്‌ഠയില്ലേലും അന്തോനീച്ചായനു കേരളത്തിന്റെ കാര്യത്തില്‍ എന്താ ശുഷ്‌കാന്തി. 

ഇത്തരം ഘട്ടത്തിലാണ്‌ ഏത്‌ മാഷിനെയും കുട്ടികള്‍ ശപിച്ചു പോകുന്നത്‌, കഷ്ടപ്പെട്ട്‌ ഉറക്കം ഇളച്ചിരുന്ന്‌ എഴുതുന്ന ഇത്തരം അസൈന്‍മെന്റിന്‌ മാര്‍ക്കിട്ടില്ലെന്ന്‌ മാത്രമല്ല, മോശമാണെന്ന്‌ പറഞ്ഞാല്‍ ആരാണ്‌ സഹിക്കുക. നമ്മുടെ മന്ത്രിമാരില്‍ ബെസ്‌റ്റ്‌ മന്ത്രിയാണെന്ന്‌ ഏഷ്യാനെറ്റ്‌ യൂണിവേഴ്‌സിറ്റി എക്‌സാമില്‍ തെളിയിച്ച പാവം തിരുവഞ്ചൂരിന്റെ കാര്യം ഒന്ന്‌ ഓര്‍ത്തുനോക്കിക്കേ. ഇന്റേണലില്‍ ആന്റണിസാര്‍ തോല്‍പ്പിച്ചുകളഞ്ഞു.

എന്തായാലും ഇടയ്‌ക്കിടയ്‌ക്ക്‌ കേരളത്തില്‍ വന്ന്‌ പാര പണിത അന്തോനിച്ചായനു ദൈവം ശിക്ഷ കൊടുത്തുവെന്നാണ്‌ ഇപ്പോള്‍ ജനസംസാരം. 

സുധീരന്‍ജിയ്‌ക്കാണ്‌ കുഞ്ഞൂഞ്ഞീനോട്‌ കലിപ്പ്‌. ഇവിടെ ഒരു ഭരണം ഉണ്ടോയെന്നാണ്‌ സുധീര്‍ജി ചോദിക്കുന്നത്‌. നാട്ടിലെ മണലൂറ്റി റവന്യു ഉേേദ്യാഗസ്ഥര്‍ പണം കൊയ്യുകയാണെന്നാണ്‌ സുധീര്‍ജി പറയുന്നത്‌. അല്ല സുധീര്‍ജി, മണലില്ലാതെ എന്തു വികസനമാണ്‌ നാട്ടില്‍ നടപ്പാക്കുവാന്‍ കഴിയുക?

സുധീര്‍ജിയുടെ വിമര്‍ശനത്തെ കോണ്‍ഗ്രസുകാര്‍ മുഖവിലയ്‌ക്ക്‌ എടുത്തു. നാട്ടില്‍ പാവപ്പെട്ടവര്‍ക്ക്‌ വീടു പണിയാന്‍ സര്‍ക്കാര്‍ ഫണ്ട്‌ കൂട്ടി അനുവദിച്ചിരുന്നു. പക്ഷേ അതില്‍ നിന്ന്‌ അഞ്ചു പൈസ ഒരുത്തനും കൊടുത്തില്ല. പൈസ കൊടുത്താലല്ലേ ഇവന്മാര്‍ വീടു വയ്‌ക്കൂ. വീടുവച്ചാലല്ലേ മണലൂറ്റുകയുള്ളു. കയ്യില്‍ കാശുവന്നാല്‍ ചിലര്‍ പ്രശ്‌നക്കാരാണ്‌. അതുകൊണ്ട്‌ യാതൊരുവിധ പെന്‍ഷനുകളും കൊടുക്കേണ്ട എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. പോരെ സുധീര്‍ജീ...ഇതില്‍ കൂടുതല്‍ എന്താണ്‌ ചെയ്യേണ്ടത്‌. അപ്പോള്‍ നാട്ടില്‍ സമാധാനം ഉണ്ടാകാനുള്ള പുതിയ എക്കണോമിക്‌സ്‌ എങ്ങനെയുണ്ട്‌. 

മതം, സമുദായം തുടങ്ങിയവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നാണ്‌ സുധീര്‍ജിയുടെ അടുത്ത പരാതി. വെള്ളാപ്പള്ളിയും നായര്‍സാബും തിരുമേനിയും മുസലിയാരുമൊക്കെയാണ്‌ നമ്മുടെ ശക്തിയെന്ന്‌ അറിയാന്‍ പാടില്ലാത്ത കാര്യമാണോ? 

അവരെയൊക്കെ പിണക്കിയാന്‍ പിന്നെ സുധീരമായി പ്രസംഗിച്ചു നടക്കേണ്ടി വരും കുഞ്ഞുഞ്ഞിനും തിരുവഞ്ചൂരിനുമൊക്കെ. 
പ്രതിപക്ഷം പറയുന്നത്‌ കേട്ടോ? വിഷമിക്കാതെ നാളെ തന്നെ സിപിഎം ഒരു മണലൂറ്റ്‌ വിരുദ്ധ സമരം നടത്താമെന്നാണ്‌. മണലൂറ്റ്‌ തടയാന്‍ സഖാക്കള്‍ മണല്‍ വാരി വീട്‌ വയ്‌ക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക്‌ കൊടുക്കും. അതോടെ മണല്‍ മാഫിയകള്‍, നാണിച്ചോടി പോകും. കണ്ടില്ലേ വെറും പതിനഞ്ച്‌ ദിവസം കൊണ്ട്‌ ഭൂമാഫിയയെ ഓടിച്ചത്‌. 

ഒരു പണിയും ചെയ്യാതെ എല്ലു മുറിയെ പണിയുന്ന ജനത്തിനിട്ട്‌ ചട്ടവും നിയമവും പറഞ്ഞ്‌ പാര വയ്‌ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ഉറപ്പാക്കുവാന്‍ നമുക്ക്‌ കഴിഞ്ഞില്ലേ. ഇതോക്കെ സിപിഎം വിചാരിച്ചാല്‍ നടക്കും. ഇതാണ്‌ പ്രതിപക്ഷം ഭരണപക്ഷ സംയുക്ത ഭരണമെന്ന്‌ പറയുന്നത്‌. പ്രതിപക്ഷം പറഞ്ഞാല്‍ ഭരണപക്ഷം അപ്പോള്‍ നന്നാവും. ഭൂമാഫിയയോട്‌ പോടാ വീട്ടിലെന്ന്‌ പറഞ്ഞ്‌ കുഞ്ഞൂഞ്ഞ്‌ ഓടിച്ചു വിട്ടില്ലേ. 
മണല്‍ സമരമാവട്ടെ അടുത്തത്‌. 

മതം, സമുദായം മാഫിയകള്‍ക്കെതിരെ സമരം വേണമെന്നാണ്‌ മറ്റൊന്ന്‌. ആ സമരം എങ്ങനെ പ്ലാന്‍ ചെയ്യണമെന്ന്‌ വെള്ളാപ്പള്ളി-സായര്‍ സാഹിബ്‌ കൂട്ടുക്കെട്ടുമായി ഒന്നാലോചിച്ചിട്ട്‌ പോരേ.