Breaking News

Trending right now:
Description
 
Jan 17, 2013

ഹിന റബ്ബാനി ഇന്ത്യയെ വിമര്‍ശിച്ചത്‌ സൈന്യത്തിന്റെ കണ്ണിലുണ്ണിയാകുവാനോ?

image
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുടെ വാക്കുകള്‍. രണ്ട്‌ ഇന്ത്യന്‍ സൈനികര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ വാര്‍ത്ത പുറത്തുവന്ന അന്നു തന്നെ ഒരു ഇന്ത്യന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇങ്ങനെയൊരു സംഭവമില്ലെന്ന്‌ ഹിന പറഞ്ഞു. ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച രാഷ്ട്രീയ നേതാവും ഹിനതന്നെ. ഇന്ത്യയെ ഏറെ അമ്പരിപ്പിക്കുന്നതായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍. സാധാരണഗതിയില്‍ സമന്വയത്തിന്റെ വാക്കുകളാണ്‌ വിദേശകാര്യം കൈകാര്യം ചെയ്യുന്നവരില്‍നിന്ന്‌ വരുന്നത്‌. എന്നാല്‍, ന്യൂയോര്‍ക്കിലെ ഏഷ്യാ സൊസൈറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ യുദ്ധക്കൊതിയന്മാരാണെന്ന്‌ ഹിന പറഞ്ഞു വച്ചു. സൈന്യത്തെ വാനോളം പുകഴ്‌ത്തുന്ന നിലപാടായിരുന്നു ഹിനയുടേത്‌. 

ഇന്ത്യന്‍ അതിര്‍ത്തിരേഖ ലംഘിച്ച്‌ കടന്നുവന്ന്‌ ഇന്ത്യന്‍ സൈനികരെ ആക്രമിച്ച്‌ അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിലപാടിനെ ന്യായീകരിച്ച ഹിന റബ്ബാനി രാഷ്ട്രീയ ചുവടു മാറ്റം നടത്തുകയാണോ? 

ഇന്ത്യയുടെ യൂദ്ധനീക്കമാണെന്നാണ്‌ ഹിനാ റബ്ബാനി ന്യുയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ ആരോപിച്ചത്‌. സമാധാന കാംക്ഷികളായി പാക്കിസ്ഥാനെ ചിത്രീകരിച്ച്‌ ഇന്ത്യയെ യുദ്ധക്കൊതിയനായി അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പില്‍ വരച്ചു കാണിച്ച ഹിന താന്‍ സൈന്യത്തിനൊപ്പമാണെന്ന്‌ വരുത്തിത്തീര്‍ക്കുവാനാണ്‌ ശ്രമിച്ചത്‌. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നുവെന്നു പോലും പറയാന്‍ മടികാണിക്കാത്ത രാഷ്ട്രീയ ചുവടുമാറ്റമാണ്‌ ഹിന നടത്തിയത്‌.

പാക്കിസ്ഥാനില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ആദ്യമായി ഭരണകാലാവധി പൂര്‍ത്തിയാക്കുവാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്‌. ഈ അവസരത്തില്‍ സൈന്യത്തിന്റെ നീക്കം എല്ലാവരും ഉറ്റുനോക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ഹിനയുടെ പ്രസ്‌താവനയുടെ മാനങ്ങള്‍ തേടേണ്ടിയിരിക്കുന്നു. പാക്കിസ്ഥാന്റെ പ്രധാന അധികാര രാഷ്ട്രീയത്തില്‍ ഇടിവ്‌ തട്ടിയ സൈന്യം ഇന്ത്യയുടെ മേല്‍ കുതിര കയറിയത്‌ തങ്ങളാണ്‌ യഥാര്‍ത്ഥ ജനസംരക്ഷകരെന്ന്‌ വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുകയാണെന്ന്‌ ആരോപണമുണ്ട്‌. 

പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ മകനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന ഭീതിയില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്‌ക്കെതിരേ ആഞ്ഞടിക്കാനാണ്‌ ഹിന ശ്രമിച്ചതെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേശ്‌ അഷറഫിനെ അറസ്റ്റു ചെയ്യാന്‍ കോടതി നിര്‍ദ്ദേശം വന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുനേരെ പോലും അഴിമതി ആരോപണമുണ്ടെന്നു പറഞ്ഞാണ്‌ അതിനെ ഹിന ന്യായീകരിച്ചത്‌.