Breaking News

Trending right now:
Description
 
Feb 15, 2017

വിഷചികിത്സാ ആചാര്യന്‍ ബ്രദര്‍ ആന്റണി പനയ്‌ക്കല്‍ സിഎംഐ അന്തരിച്ചു

image സിഎംഐ സഭയുടെ കോട്ടയം സെന്റ്‌ ജോസഫ്‌ പ്രോവിന്‍സിലെ പുതുപ്പള്ളി സെന്റ്‌ ആന്റണീസ്‌ ആശ്രമാംഗം ബ്രദര്‍ ആന്റണി പനയ്‌ക്കല്‍ (80) അന്തരിച്ചു. മാരകമായി വിഷബാധയേറ്റ ഒട്ടേറെപ്പേര്‍ക്ക്‌ നാട്ടുമരുന്നു ചികിത്സയിലൂടെ ജീവരക്ഷയും സൗഖ്യവും നല്‍കിയിട്ടുള്ള അദ്ദേഹം മരുന്നച്ചന്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. പാമ്പു മുതല്‍ പഴുതാരവരെ കടിച്ചു ഭീതിയോടെ എത്തിയവര്‍ക്കു നാട്ടുചെടിയുടെ ഇലയും പൂവും കായും വേരും ചേര്‍ത്ത്‌ ബ്രദര്‍ പനയ്‌ക്കല്‍ തയാറാക്കിയ മരുന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്ന പഥ്യവും രക്ഷനല്‍കിയിരുന്നു. ഒരുലക്ഷത്തോളം പേര്‍ക്ക്‌ ഈവിധം സൗഖ്യം നല്‍കിയിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ബ്രദര്‍ സൈമണ്‍ മൂലക്കാട്ടില്‍ തുടങ്ങിയ പുമറ്റം സെന്റ്‌ ആന്റണീസ്‌ വിഷചികിത്സാലയം അദ്ദേഹത്തിന്റെ കാലശേഷം ബ്രദര്‍ ആന്റണി പനയ്‌ക്കല്‍ ഏറ്റെടുക്കുകയായിരുന്നു. കോതമംഗലം രൂപതയിലെ കുണിഞ്ഞി ഇടവകയിലെ പനയ്‌ക്കല്‍ പരേതരായ തോമസ്‌ - അന്ന ദമ്പതികളുടെ മകനായി 1937 ജനുവരി 24നാണ്‌ ജനനം. 1962 മേയ്‌ 16ന്‌ ആദ്യവ്രതവും 1968 മേയ്‌ 16ന്‌ നിത്യവ്രതവും സ്വീകരിച്ചു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പുതുപ്പള്ളി സെന്റ്‌ ആന്റണീസ്‌ ആശ്രമദേവലയത്തില്‍ സംസ്‌കാരം നടക്കും.