Breaking News

Trending right now:
Description
 
Feb 14, 2017

ബീയറും കള്ളും മദ്യമല്ലെന്ന്‌ കേരളം സുപ്രീംകോടതിയില്‍

image ബീയര്‍, വൈന്‍, കള്ള്‌ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട്‌ കേരളം സുപ്രീംകോടതിയില്‍. ദേശീയ, സംസ്ഥാന പാതകളില്‍ മദ്യവില്‍പ്പന കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ്‌ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും വൈന്‍, ബീയര്‍ പാര്‍ലറുകള്‍ക്കും ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദേശവുമായി കോടതിയെ സമീപിച്ചപ്പോഴാണ്‌ കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്‌. വൈന്‍, ബീയര്‍, കള്ള്‌ എന്നിവയില്‍ ആല്‍ക്കഹോള്‍ കുറവാണ്‌. ഇവയുടെ വില്‍പനയെ മദ്യ വില്‍പനയെന്നു കണക്കാക്കാന്‍ കഴിയില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബര്‍ 15ന്‌ ഇറക്കിയ ഉത്തരവു പരിഷ്‌കരിക്കുകയോ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തുകയോ വേണമെന്നാണ്‌ ആവശ്യം. ദേശീയ, സംസ്ഥാന പാതകളില്‍ മദ്യക്കടകള്‍ക്ക്‌ അടുത്ത മാസം 31മുതല്‍ പ്രവര്‍ത്തന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരവ്‌ പരിഷ്‌കരിക്കണമെന്നു മഹാരാഷ്ട്ര, അസം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. അപേക്ഷകള്‍ മൂന്നംഗബഞ്ച്‌ അടുത്തയാഴ്‌ച പരിഗണിച്ചേക്കും. ഹൈവേകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടകള്‍ മാറ്റിസ്ഥാപിക്കാന്‍ 2018 ഏപ്രില്‍ ഒന്നുവരെ സമയമനുവദിക്കണം. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ബിവ്‌റജസ്‌ കോര്‍പ്പേറേഷനും സിവില്‍സപ്ലൈസ്‌ കോര്‍പറേഷനും പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന കടകള്‍ക്ക്‌ ഉത്തരവ്‌ ബാധകമാക്കരുത്‌ തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചു.