Breaking News

Trending right now:
Description
 
Feb 13, 2017

കൊച്ചിയില്‍ യുവാക്കളെ വിവസ്‌ത്രരാക്കി ലോക്കപ്പില്‍ അടച്ച എസ്‌ഐയെ സ്ഥലംമാറി

image പൊതുസ്ഥലത്തു മദ്യപിച്ചുവെന്നും പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയെന്നും കുറ്റംചുമത്തി പിടികൂടിയ യുവാക്കളെ വിവസ്‌ത്രരാക്കി ലോക്കപ്പില്‍ അടച്ച സംഭവത്തില്‍ എറണാകുളം സൗത്ത്‌ സ്റ്റേഷനിലെ എസ്‌ഐ എ.സി.വിപിനെ സ്ഥലംമാറ്റി. സംഭവത്തെക്കുറിച്ചു തൃക്കാക്കര അസി.കമ്മിഷണര്‍ എം.ബിനോയ്‌ അന്വേഷിക്കും. ചലച്ചിത്ര പ്രവര്‍ത്തകരായ തൃക്കാക്കര പ്രിയദര്‍ശിനി ഹൗസില്‍ ഇന്ദ്രജിത്ത്‌, സഹോദരന്‍ വിനോദ്‌ അംബേദ്‌കര്‍, കടവന്ത്ര കെ.പി.വള്ളോന്‍ റോഡ്‌ മേക്കാട്‌ അയ്യപ്പസ്വരൂപ്‌ എന്നിവര്‍ക്കെതിരെയാണ്‌ പൊലീസ്‌ നടപടി. ശനിയാഴ്‌ച രാത്രി കൊച്ചുകടവന്ത്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടുരുന്ന കാര്‍ പെട്രോളിങ്ങിനെത്തിയ എസ്‌ഐ വിപിന്‍ പരിശോധിച്ചു. ഡ്രൈവിങ്‌ സീറ്റില്‍ ഉണ്ടായിരുന്ന ആള്‍ ഒഴികെ മറ്റ്‌ രണ്ടു യുവാക്കള്‍ മദ്യപിച്ചതായി കണ്ടെത്തി. തങ്ങള്‍ പൊതുസ്ഥലത്തു മദ്യപിച്ചില്ലെന്നും വഴിയരുകില്‍ കാര്‍ ഒതുക്കി സംസാരിക്കുകയായിരുന്നുവെന്നും വിശദീകരിച്ച യുവാക്കള്‍ പൊലീസുമായി തര്‍ക്കമായി. ഇതിനിടെ യുവക്കളില്‍ ഒരാള്‍ക്കു മര്‍ദ്ദനമേറ്റു. എഎസ്‌ഐയുടെ ഷര്‍ട്ടിലെ നെയിംപ്ലേറ്റ്‌ ഒടിയുകയും ചെയ്‌തു.

ആളുകള്‍ കൂടിയതോടെ സ്‌റ്റേഷനില്‍നിന്നു ജീപ്പുവരുത്തി യുവാക്കളെ സ്റ്റേഷനിലെത്തിച്ചു കേസ്‌ എടുക്കുകയായിരുന്നു. തുടര്‍ന്നു യുവാക്കളുടെ അടിവസ്‌ത്രം ഒഴികെയുള്ള വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റി ലോക്കപ്പില്‍ അടയ്‌ക്കുകയും ചെയ്‌തു. ഇതിനിടെ നിരപരാധികളായ യുവാക്കളെ പൊലീസ്‌ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ച്‌ ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുമ്പില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി. സ്ഥലത്തെത്തിയ പൊലീസ്‌ കമ്മിഷണര്‍ എം.പി.ദിനേശ്‌ എംഎല്‍എയുമായി ചര്‍ച്ചനടത്തിയശേഷമാണ്‌ എസ്‌ഐയെ സ്ഥലം മാറ്റിയത്‌. യുവാക്കള്‍ക്ക്‌ പിന്നീട്‌ ജാമ്യം ലഭിച്ചു. പൊലീസ്‌ കംപ്ലയിന്റ്‌സ്‌ അതോറിറ്റി ചെയര്‍മാന്‍ ജസ്‌റ്റീസ്‌ കെ.നാരായണക്കുറുപ്പ്‌ വിവരം അറിഞ്ഞ്‌ സ്റ്റേഷനില്‍ എത്തിയിലുന്നു. അദ്ദേഹം താക്കീത്‌ ചെയ്‌തതോടെയാണ്‌ യുവാക്കള്‍ക്ക്‌ വസ്‌ത്രം വിട്ടുനല്‍കിയത്‌. പ്രാകൃതമായ നടപടിയാണ്‌ പൊലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.