Breaking News

Trending right now:
Description
 
Feb 08, 2017

മാല പൊട്ടിച്ച യുവാവിനെ വീട്ടമ്മ വെട്ടി; അക്രമിയുടെ ചിത്രം സിസിടിവിയില്‍

image ചങ്ങനാശേരി കുറമ്പനാടത്ത്‌ അഞ്ചുപവന്റെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ പിന്തുടര്‍ന്ന വീട്ടമ്മ കറിക്കത്തികൊണ്ട്‌ വെട്ടി. രക്തംവാര്‍ന്ന കൈയ്യുമായി മോഷ്ടാവ്‌ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞു. ചൂരനോലില്‍ തിനപ്പറമ്പില്‍ അമ്പത്തിയഞ്ചുകാരിയായ അന്നാമ്മയാണ്‌ മോഷ്ടാവിനെ വെട്ടി പരുക്കേല്‍പ്പിച്ചത്‌. ചൊവ്വാഴ്‌ച രാവിലെ ഒമ്പതുമണിയോടെയാണ്‌ സംഭവം. മകന്‍ ടോമിച്ചനും കുടുംബവും വിദേശത്തായതിനാല്‍ അന്നാമ്മ തനിച്ചാണ്‌ താമസിക്കുന്നത്‌. വാതില്‍ അടച്ച്‌ വീടിനുള്ളിലിരുന്ന്‌ കപ്പ പൊളിക്കുകയായിരുന്നു അന്നാമ്മ. ഇതിനിടെ മുറ്റത്ത്‌ ബൈക്ക്‌ നിര്‍ത്തുന്ന ശബ്ദംകേട്ട്‌ ആരാണെന്നറിയാന്‍ അന്നാമ്മ വാതില്‍തുറന്നു.ഹെല്‍മറ്റ്‌ ധരിച്ച അജ്ഞാതന്‍ വീടിനുള്ളിലേക്ക്‌ അതിക്രമിച്ചുകയറി അഞ്ചുപവന്റെ മാല പൊട്ടിച്ചു. തുടര്‍ന്ന്‌ മുറ്റത്തിറങ്ങി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പിന്നാലെ എത്തിയ അന്നാമ്മ കയ്യിലിരുന്ന കറികത്തികൊണ്ട്‌ മോഷ്ടാവിന്റെ കൈയ്‌ക്കു വെട്ടുകയായിരുന്നു. രക്തം ഒലിക്കുന്ന കയ്യുമായി ഒരുവിധം സ്‌കൂട്ടര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ മോഷ്ടാവ്‌ രക്ഷപ്പെടുകയും ചെയ്‌തു. പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സമീപത്തെ കടയുടെ സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞത്‌. ഹെല്‍മറ്റ്‌ ധരിച്ചിട്ടുള്ളതിനാല്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.