Breaking News

Trending right now:
Description
 
Feb 07, 2017

ഗതാഗതക്കുരുക്ക്‌: താലൂക്ക്‌ വികസനസമിതിയുടെ ആവശ്യത്തിന്‌ ടിആര്‍എയുടെ പിന്തുണ

image ആലപ്പുഴ: പട്ടണത്തില്‍ ഗതാഗതക്കുരുക്കിനും റോഡുകയ്യേറ്റത്തിനും കാരണമാകുന്ന റോഡുകയ്യേറ്റവും ജംക്ഷനുകളില്‍ ബസുകള്‍നിര്‍ത്തിയിട്ടു ആളെ ഇറക്കുന്നതും കയറ്റുന്നതും അവസാനിപ്പിക്കണമെന്ന അമ്പലപ്പുഴ താലൂക്ക്‌ വികസനസമിതിയുടെ ആവശ്യത്തെ തത്തംപള്ളി റെസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പിന്തുണച്ചു. കഴിഞ്ഞ നാലുവര്‍ഷമായി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച്‌ ടിആര്‍എ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണ്‌. കഴിഞ്ഞ ഒരുമാസമായി പട്ടണത്തില്‍ അനാവശ്യ ഗതാഗത നിരോധനങ്ങള്‍ നടപ്പാക്കിയപ്പോഴും ഇക്കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ഗതാഗതം സുഗമമാക്കാമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പട്ടണത്തില്‍ വ്യാപകമായി റോഡ്‌ കയ്യേറ്റം നടക്കുന്നതിനാലാണ്‌ ഗതാഗതക്കുരുക്ക്‌ ഉണ്ടാകുന്നതെന്ന്‌ അധികൃതര്‍ മനസിലാക്കുന്നില്ല. വളവിലും ജംക്ഷനുകളിലും പ്രൈവറ്റ്‌ ബസുകള്‍ നിര്‍ത്തി കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും വ്യാപാരസ്ഥാപനങ്ങളുടെ മുന്‍വശം ചവിട്ടുപടി നിര്‍മ്മിച്ചും ഏച്ചുകെട്ടിയും സാധനസാമഗ്രികള്‍ റോഡിലേക്ക്‌ ഇറക്കിവച്ചും ചങ്ങലകെട്ടി തിരിച്ചും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും റോഡ്‌ നിര്‍മാണ ഉപകരണങ്ങളും മെറ്റല്‍ക്കൂനയും റോഡില്‍ തന്നെയിട്ടിരിക്കുന്നതും റോഡിലേക്കിറക്കിയ ഓട്ടോറിക്ഷ സ്‌റ്റാന്‍ഡുകളും ആക്രിസാധനങ്ങളും പഴയകെട്ടിടം പൊളിച്ച സാധനങ്ങളും കാഴ്‌ചമറയ്‌ക്കുന്നതും യാത്രമുടക്കുന്നതുമായ പരസ്യബോര്‍ഡുകളും കൊടികളും റോഡിലെ തട്ടുകടകളും വഴിവാണിഭവും എല്ലാം പ്രശ്‌നങ്ങളാണ്‌. സുരക്ഷിതയാത്രയ്‌ക്ക്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഹെല്‍മറ്റ്‌ വേട്ടയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്‌ പൊലീസ്‌. താലൂക്ക്‌ സമിതികളില്‍ ഉള്‍പ്പെടെയുള്ള സമിതികളില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നും നിര്‍ദേശങ്ങള്‍ നടപ്പാക്കാറില്ലെന്നും പരാതിയുണ്ട്‌.