Breaking News

Trending right now:
Description
 
Jan 29, 2017

തത്തംപള്ളിയില്‍ സമ്പൂര്‍ണ ജൈവ, അജൈവ മാലിന്യശേഖരണയൂണിറ്റ്‌ തുറന്നു

image ആലപ്പുഴ: മാലിന്യനിര്‍മാര്‍ജ്ജനത്തിനായി തത്തംപള്ളി വാര്‍ഡില്‍ സമ്പൂര്‍ണ ജൈവ, അജൈവ മാലിന്യശേഖരണയൂണിറ്റ്‌ തുറന്നു. ഏറോബിക്‌ കമ്പോസ്‌റ്റ്‌ പ്ലാന്റില്‍ ജൈവമാലിന്യങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം അജൈവ മാലിന്യങ്ങളും സംഭരിക്കണമെന്ന തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളിലിന്റെ ആവശ്യം നഗരസഭ അംഗീകരിക്കുകയായിരുന്നു. അഞ്ച്‌ കമ്പോസ്‌റ്റ്‌ ബിന്നുകളാണ്‌ യൂണിറ്റിലുള്ളത്‌. റോഡരുകില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മുഖ്യമായും അജൈവമാലിന്യമാണെന്നും ഇ-മാലിന്യം ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിച്ച്‌ പുനരുപയോഗിക്കണമെന്നുമുള്ള ചട്ടം നടപ്പാക്കാണമെന്നു ടിആര്‍എ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുകയായിരുന്നു. ഏറോബിക്‌ പ്ലാന്റില്‍ നേരിട്ട്‌ മാലിന്യം എത്തിക്കണമെന്നു നഗരസഭ അറിയിച്ചിട്ടുണ്ട്‌. ഭക്ഷണാവശിഷ്ടങ്ങളും അഴുകുന്ന വസ്‌തുക്കളുമാണ്‌ ബിന്നില്‍ നിക്ഷേപിക്കേണ്ടത്‌. ഇവയില്‍ വെള്ളം പാടില്ല. മുട്ടത്തോടും നാരങ്ങാത്തോടും ഉള്‍പ്പെടുത്താം. പ്ലാസ്റ്റിക്‌ കവറുകളും മറ്റും കഴുകി വൃത്തിയാക്കി ഉണക്കിവേണം കൈമാറാന്‍. ട്യൂബ്‌ ലൈറ്റുകല്‍ ചാക്കിലാക്കി പൊടിച്ചുനല്‍കണം. ഗ്ലാസ്‌കുപ്പികള്‍ ശേഖരിച്ച്‌ ഗ്ലാസ്‌ഫാക്ടറിക്ക്‌ നല്‍കാനുള്ള നടപടി നഗരസഭ ആരംഭിച്ചിട്ടുണ്ട്‌. ഏറോബിക്‌ കമ്പോസ്‌റ്റ്‌ യൂണിറ്റ്‌ നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബി.മെഹബൂബും അജൈവ മാലിന്യശേഖരണം കൗണ്‍സിലര്‍ ഐ.ലതയും ഉദ്‌ഘാടനം ചെയ്‌തു. സരിഗനഗര്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കമലാസനന്‍ പുല്ലാത്തുശേരി പ്ലാസ്റ്റിക്‌ കുപ്പികളും കവറുകളും അടങ്ങിയ ആദ്യ ജൈവാവശിഷ്ടക്കെട്ട്‌ കൈമാറി.