Breaking News

Trending right now:
Description
 
Jan 23, 2017

കോട്ടയത്തെ ശ്വാന പ്രദര്‍ശനത്തില്‍ 10 സംസ്ഥാനങ്ങളില്‍നിന്നു നായ്‌ക്കളെത്തി

image കോട്ടയത്ത്‌ കെന്നല്‍ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ശ്വാന പ്രദര്‍ശനത്തില്‍ 10 സംസ്ഥാനങ്ങളില്‍നിന്നായി 30 ഇനങ്ങളില്‍ മുന്നൂറോളം ശ്വാനന്‍മാര്‍ പങ്കെടുത്തു. വിദേശരാജ്യങ്ങളില്‍നിന്നുള്ള നായ്‌ക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. റോട്ട്‌ വീലര്‍ ഇനമായ വോക്‌സ്‌ ഫ്‌ളാഷ്‌ റൂസ്‌ ഓഫ്‌ ബാഞ്ചറിയാണ്‌ ഒന്നാം സ്ഥാനം നേടിയത്‌. സി.എം.ഉമേഷാണ്‌ വോക്‌സ്‌ ഫ്‌ളാഷിന്റെ ഉടമ. 15,000 രൂപമുതല്‍ മൂന്നുലക്ഷം രൂപവരെ വിലവരുന്ന നായ്‌ക്കളാണ്‌ മത്സരത്തില്‍ മാറ്റുരയ്‌ക്കാന്‍ എത്തിയത്‌. കനത്ത ചൂടുകാരണം ഐസ്‌ അടക്കമുള്ള സംവിധാനങ്ങളുള്ള കൂടുകളിലാണ്‌ നായ്‌ക്കളെ പ്രദര്‍ശിപ്പിച്ചത്‌. ജപ്പാനില്‍നിന്നുള്ള അക്കിറ്റ, ഇംഗ്ലണ്ടില്‍നിന്നു വിപ്പറ്റ്‌, ജര്‍മനിയില്‍നിന്നുള്ള വിന്‍പിന്‍, അഫ്‌ഗാനില്‍നിന്നു കൊണ്ടുവന്ന അഫ്‌ഗാന്‍ ഹൗണ്ട്‌, സൈബീരിയന്‍ ഹസ്‌ക്കി, തായ്‌ലന്‍ഡില്‍നിന്നുള്ള കുഞ്ഞന്‍ പോമറേനിയന്‍, മിനിയെച്ചര്‍ പിഞ്ചര്‍ തുടങ്ങിയ വിദേശയിനം നായ്‌ക്കളും മത്സരത്തിന്‌ എത്തിയിരുന്നു. തായ്‌ലന്‍ഡ്‌ സുന്ദരിയുടെ വില മൂന്നുലക്ഷമാണ്‌. പഞ്ചാബില്‍നിന്നുള്ള പോമറേനിയനു ഒരുലക്ഷമാണ്‌ വില. ജെര്‍മന്‍ ഷെപ്പേര്‍ഡ്‌, പഗ്‌, ഡോബര്‍മാന്‍, റോട്ട്‌ വീലര്‍, ബെല്‍ജിയം ഷെപ്പേര്‍ഡ്‌, ബീഗിള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന്‌ ഉണ്ടായിരുന്നു. ഡോ.സാബു ഐസക്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശ്വാനന്മാരുടെ ആരോഗ്യ പരിശോധനയ്‌ക്കു നേതൃത്വം നല്‍കി. മത്സരത്തിനു മുന്നോടിയായി ശ്വാനന്‍മാരുടെ വിവിധ അഭ്യാസപ്രകടനങ്ങളും അനുസരണശീല പ്രദര്‍ശനവും ഉണ്ടായിരുന്നു.