Breaking News

Trending right now:
Description
 
Jan 17, 2017

ഗതാഗതതടസമുണ്ടാക്കി ഏറോബിക്‌ പ്ലാന്റുകള്‍ സ്ഥാപിക്കരുത്‌

image ആലപ്പുഴ: പട്ടണത്തിലെ മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഏറോബിക്‌ പ്ലാന്റുകള്‍ ദീര്‍ഘവീക്ഷണമില്ലാതെയും ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിലും ആയിരിക്കരുതെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നു. തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) ഈ ആവശ്യം ഉന്നയിച്ച്‌ നിരവധി പരാതികള്‍ അധികൃതര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. എസ്‌ഡിവി ഗ്രൗണ്ടിനു സമീപള്ള ഏറോബിക്‌ പ്ലാന്റ്‌ ഒരു ബസ്‌ബേയ്‌ക്കുള്ള സ്ഥലം അപഹരിച്ചാണ്‌ സ്ഥാപിച്ചത്‌.   സ്വകാര്യബസ്‌ സ്റ്റാന്‍ഡ്‌ നിര്‍മാണം പൂര്‍ത്തിയായി വരുന്ന സമയത്ത്‌ അതിന്‌ എതിര്‍വശത്ത്‌ പ്ലാന്റ്‌ സ്ഥാപിക്കരുതെന്ന്‌ ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു. തൊട്ടുചേര്‍ന്നു വലിയ പ്ലാന്റ്‌ നിലവിലുള്ളതിനാല്‍ റോഡരുകിലെ സ്ഥലം ബസ്‌ബേയ്‌ക്കും പാര്‍ക്കിങിനുമായി നീക്കിവയ്‌ക്കണമെന്ന ആവശ്യവും അധികൃതര്‍ പരിഗണിച്ചില്ല. പിന്നീട്‌ പഴയ കൊട്ടാരപ്പാലത്തിനടുത്ത്‌ റോഡരുകില്‍ പ്ലാന്റ്‌ സ്ഥാപിച്ചു. നിലവില്‍ തത്തംപള്ളി കിടങ്ങാംപറമ്പ്‌ ജംക്ഷനിലെ ഇടുങ്ങിയ റോഡിലാണ്‌ പ്ലാന്റ്‌ നിര്‍മാണം നടക്കുന്നത്‌. ജംക്ഷനിലെ കാഴ്‌ചമറച്ചും വാഹനങ്ങള്‍ക്ക്‌ തിരിയാന്‍ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന രീതിയിലും റോഡ്‌ വികസനം തടസപ്പെടുത്തുന്ന രീതിയിലുമാണ്‌ നിര്‍മാണം. ജൈവമാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സ്ഥലം പ്ലാന്റുകളില്‍ വളരെ പരിമിതമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുര്‍ഗന്ധരഹിതമെന്നു അവകാശപ്പെടുന്ന ഏറോബിക്‌ പ്ലാന്റുകള്‍ തടസങ്ങളൊന്നുമില്ലാതെ പൊതുസ്ഥാപനങ്ങളോടനുബന്ധിച്ച്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യം ടിആര്‍എ ഉന്നയിച്ചിരുന്നു. കോടതി, കലക്ട്രേറ്റ്‌, സിവില്‍സ്റ്റേഷന്‍ അനക്‌സ്‌, ബസ്‌-റയില്‍വേസ്റ്റേഷനുകള്‍, മുനിസിപ്പല്‍ ഓഫിസ്‌ തുടങ്ങിയ വളപ്പുകളിലും സ്ഥലസൗകര്യമുള്ള വിദ്യാലയങ്ങളിലുമാണ്‌ ഇത്തരം പ്ലാന്റുകള്‍ ആദ്യം സ്ഥാപിക്കേണ്ടിയിരുന്നത്‌. അങ്ങനെയെങ്കില്‍ ചപ്പുചവറുകള്‍ കുമിഞ്ഞുകൂടാതെ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉണ്ടായേനെ.