Breaking News

Trending right now:
Description
 
Jan 13, 2017

മികച്ച സര്‍വകലാശാലകള്‍ക്ക്‌ ഒരുകോടിയുടെ പുരസ്‌കാരം: ഗവര്‍ണര്‍

image സംസ്ഥാനത്ത്‌ പുതിയതായി ആരംഭിച്ച സര്‍വകലാശാലകള്‍ക്കു മികവിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി രൂപയുടെ പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യുമെന്നു ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം വ്യക്തമാക്കി. കോട്ടയത്ത്‌ എംജി സര്‍വകലാശാലയ്‌ക്ക്‌ അഞ്ചുകോടി രൂപയുടെ ചാന്‍സലേഴ്‌സ്‌ പുരസ്‌കാരം സമ്മാനിച്ചുകൊണ്ട്‌ നടത്തിയ പ്രസംഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്‌. നിലവിലുള്ള ചാന്‍സലേഴ്‌സ്‌ അവാര്‍ഡിന്‌ 37 നിബന്ധനകളുണ്ട്‌. പുതിയതും താരതമ്യേന ചെറുതുമായ സര്‍വകലാശാലകള്‍ക്ക്‌ ഇതു പാലിക്കാന്‍ കഴിയില്ല. ഇതിനു പരിഹാരമായാണ്‌ പുതിയ അവാര്‍ഡ്‌. ഇതിലൂടെ കലാമണ്ഡലം, മലയാളം തുടങ്ങിയ സര്‍വകലാശാലകള്‍ക്കും മത്സരത്തിന്‌ അവസരം ലഭിക്കും. സര്‍വകലാശാലകള്‍ വലിയ സ്വപ്‌നങ്ങള്‍ കാണേണ്ട സമയമാണ്‌. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ്ങില്‍ മെച്ചപ്പെട്ട സ്ഥാനം ലഭിച്ചാലേ സര്‍വകലാശാലകള്‍ക്കു കേന്ദ്രഫണ്ട്‌ കിട്ടൂ എന്ന നിബന്ധന വരുമെന്ന്‌ അറിയുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. മനുഷ്യ കേന്ദ്രീകൃതവും പ്രകൃതി കേന്ദ്രീകൃതവുമായ ഗവേഷണമാണ്‌ സര്‍വകലാശാലകളില്‍ നടത്തേണ്ടതെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുരസ്‌കാരമായി ലഭിച്ച അഞ്ചുകോടി രൂപ വിനിയോഗിച്ച്‌ രാജ്യാന്തര നിലവാരത്തിലുള്ള അക്കാദമിക്‌ സമുച്ചയം സ്ഥാപിക്കുമെന്നു എംജി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.ബാബു സെബാസ്‌റ്റിയന്‍ വ്യക്തമാക്കി.