Breaking News

Trending right now:
Description
 
Jan 15, 2013

സൗദിയില്‍ കൂട്ടത്തോടെ നഴ്‌സുമാരെ പിരിച്ചുവിടുന്നു, എന്നിട്ടും ഇന്ത്യയില്‍നിന്ന്‌ റിക്രൂട്ട്‌മെന്റ്‌ തകൃതി

ഇ.എസ്‌. ജിജിമോള്‍, Special Correspondent
image
സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ സൗദിയില്‍നിന്ന്‌ മലയാളി നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ജോലിയില്‍ പ്രവേശിച്ച്‌ ഏഴുമാസം ആകാത്തവര്‍ക്കു പോലും ജോലി പോയി. റാന്‍ഡം സെലക്ഷനിലൂടെയാണ്‌ പിരിച്ചുവിടല്‍ എന്നതില്‍ എന്തു മാനദണ്ഡത്തിലാണ്‌ ജോലി പോകുന്നത്‌ എന്നറിയാതെ കുഴങ്ങുകയാണ്‌ മലയാളി നഴ്‌സുമാര്‍. 

പിരിച്ചുവിടല്‍ തകൃതിയായി നടക്കുമ്പോഴും വിവിധ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ ലക്ഷങ്ങള്‍ വാങ്ങി ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ സൗദിയിലേയ്‌ക്ക്‌ കയറ്റിയയ്‌ക്കുകയാണ്‌. ചതിക്കുഴി അറിയാതെ വീടുപണയപ്പെടുത്തിയും സ്വര്‍ണം പണയപ്പെടുത്തിയും കടംവാങ്ങിയും നഴ്‌സുമാര്‍ സൗദിയിലേയ്‌ക്കെത്താന്‍ തിരക്കുകൂട്ടുമ്പോള്‍ ഇതുതന്നെ മെച്ചം എന്ന മട്ടിലാണ്‌ പല ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്‌. 



ഫിലിപ്പൈന്‍സ്‌ തുടങ്ങിയ പല രാജ്യങ്ങളും സൗദിയിലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റ്‌ ബാന്‍ ചെയ്‌തു കഴിഞ്ഞുവെന്ന്‌ പിരിച്ചുവിട്ട കോതമംഗലം സ്വദേശിയായ സിബി ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ നിന്ന്‌ യാതൊരു തടസവുമില്ലാതെ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ സജീവമാണ്‌. 

ഏഴുമാസം മുമ്പാണ്‌ സിനി (യഥാര്‍ത്ഥ പേരല്ല) സൗദിയിലെ ദമാം സെന്‍ട്രല്‍ ഹോസ്‌പിറ്റലില്‍ ജോലിയ്‌ക്ക്‌ എത്തിയത്‌. ലക്ഷങ്ങള്‍ കടം എടുത്ത്‌ ബിഎസ്‌എസി നഴ്‌സിങ്ങ്‌ പാസായ സിനി അക്കരെയ്‌ക്ക്‌ കടക്കുക എന്ന മോഹത്തോടെയാണ്‌ സൗദി മിനിസ്‌ട്രിയില്‍ ജോലി ലഭിക്കാനുള്ള നഴ്‌സിംങ്ങ്‌ പരീക്ഷ പാസായത്‌. പിന്നീട്‌ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയോളം മുടക്കിയാണ്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. ദമാം സെന്‍ട്രല്‍ ഹോസ്‌പിറ്റലില്‍ എംഒഎച്ച്‌ നഴ്‌സായി ജോലിയും ലഭിച്ചു. 

ജോലി കിട്ടിയ സന്തോഷം തീരുന്നതിനു മുമ്പ്‌ സിനി അറിയുന്നത്‌ തന്നെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടുവെന്ന വാര്‍ത്തയാണ്‌. ജോലി നഷ്ടപ്പെട്ടിട്ടും സിനി നാട്ടിലേയ്‌ക്ക്‌ മടങ്ങിയിട്ടില്ല, ആറുമാസമായി സിനി ഇവിടെ ലോക്കമായി ജോലി നോക്കുന്നു. ലോക്കമെന്നാല്‍ അംഗീകൃത നഴ്‌സല്ല. ഇവര്‍ക്ക്‌ ആറുമാസമായി ശമ്പളം കിട്ടിയിട്ടില്ല. രേഖകളില്‍ പുറത്താകുന്ന പലരും ഇത്തരത്തില്‍ ജോലി നോക്കുന്നതെന്ന്‌ സിനി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട പതിനൊന്ന്‌ പേരാണ്‌ ഈ ഹോസ്‌പിറ്റലിന്റെ ഐസിയുവില്‍ മാത്രം ലോക്കമായി ജോലി നോക്കുന്നത്‌. ഇവരെല്ലാം തന്നെ ഏഴു മാസം മുമ്പാണ്‌ ജോലിക്കെത്തിയത്‌.

ചിലര്‍ നാട്ടിലേയ്‌ക്ക്‌ അവധിയ്‌ക്ക്‌ പോകുവാന്‍ തയാറായി കഴിയുമ്പോഴാണ്‌ ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത്‌. അതോടെ നാട്ടിലേയ്‌ക്ക്‌ പോകുന്നത്‌ ക്യന്‍സല്‍ ചെയ്‌ത്‌ ഇവിടെ താത്‌കാലികമായി ജോലി ചെയ്യുന്നു. ഇത്തരക്കാര്‍ക്ക്‌ യാതൊരുവിധ ആനുകൂല്യവും ഇല്ല. ശമ്പളം കിട്ടുമോയെന്ന്‌ ഉറപ്പില്ല. ഭാരിച്ച കടവും പേറി പലരും ഹോസ്‌പിറ്റലില്‍ കടിച്ചുപിടിച്ചു നില്‌ക്കുകയാണ്‌. നാട്ടിലേയ്‌ക്ക്‌ മടക്കം അവരെ അത്രമാത്രം ഭയപ്പെടുത്തുന്നു. പലരും ചെലവിനുപോലും തുക സുഹൃത്തുക്കളില്‍ നിന്ന്‌ കടം വാങ്ങേണ്ട ഗതികേടിലാണ്‌.

സൗദി നഴ്‌സുമാര്‍ പിരിച്ചിവിട്ടവരെ ഏറ്റവും കഠിനമായി പരിഹസിക്കുകയും ചെയ്യുന്നു, "ഞങ്ങളുടെ രോഗികളെ ഞങ്ങള്‍ നോക്കിക്കൊള്ളാം, നിങ്ങള്‍ പിരിച്ചുവിട്ടവര്‍ പൊയ്‌ക്കൊള്ളുക" സത്യത്തില്‍ ഇവര്‍ക്ക്‌ പിരിഞ്ഞു പോകാനാവില്ലെന്ന്‌ അവര്‍ക്ക്‌ അറിയില്ല.

പലപ്പോഴും കൃത്യമായ അറിയാതെയാണ്‌ ജോലി നഷ്ടപ്പെടുന്നത്‌. ജോലി ചെയ്‌ത സാലറി എടുക്കാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ അക്കൗണ്ടില്‍ സീറോ ബാലന്‍സ്‌. കാര്യം അന്വേഷിച്ചു ചെന്നപ്പോഴാണ്‌ കോതമംഗലം സ്വദേശി സിബി താന്‍ പിരിച്ചുവിടപ്പെട്ട വിവരം അറിയുന്നത്‌. മിനിസ്‌ട്രിയില്‍ നഴ്‌സായ സിബി നാട്ടിലേയ്‌ക്ക്‌ അവധിയ്‌ക്ക്‌ പോകുവാനുള്ള തയാറെടുപ്പെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഇനി നാട്ടിലേയ്‌ക്ക്‌ മടങ്ങാതെ പറ്റില്ല. ആറുലക്ഷം രൂപയോളം ജോലി ചെയ്‌ത വകയില്‍ കിട്ടാനുണ്ട്‌. അത്‌ നാട്ടിലേയ്‌ക്ക്‌ അയച്ചു തന്നേക്കാം എന്നാണ്‌ ഹോസ്‌പിറ്റല്‍ പറയുന്നത്‌. കിട്ടുമെന്ന പ്രതീക്ഷയില്‍ നാട്ടിലേയ്‌ക്ക്‌ മടങ്ങുകയാണ്‌ സിബി നാളെ, പ്രവാസിജീവിതത്തിന്റെ പൊള്ളുന്ന ഓര്‍മ്മകളുമായി.

വീസ ക്യാന്‍സലായി പുറത്തു പോയാല്‍ തിരിച്ചു വരാന്‍ സാധിക്കില്ല എന്നറിയാവുന്ന പലരും അവധി ക്യാന്‍സലാക്കി അവിടെ തന്നെ ലോക്കമായി കൂടുന്നതിനാല്‍ ഹോസ്‌പിറ്റലുകാര്‍ക്കും ലാഭം. പണം കൃത്യമായി നല്‌കേണ്ട, ആനൂകൂല്യങ്ങളും ഒഴിവാക്കാം. ഇത്തരത്തില്‍ ധാരാളം നഴ്‌സുമാര്‍ പണിയെടുക്കുന്നതിനാല്‍ നഴ്‌സുമാരുടെ ഷോര്‍ട്ടേജ്‌ ഹോസ്‌പിറ്റലുകള്‍ക്ക്‌ അറിയുകയും ഇല്ല. ഒരാള്‍ പോയാല്‍ വരാന്‍ കാത്തു നില്‌ക്കുന്ന പതിനായിരങ്ങള്‍.

കഴിഞ്ഞ മാസം തന്നെ ടെര്‍മിനേറ്റ്‌ ചെയ്യപ്പെട്ട വാര്‍ത്ത അറിയുന്നത്‌ ഒരു മാസം കഴിയുമ്പോഴാണ്‌. കഴിഞ്ഞ ഒരുവര്‍ഷമായി ദമാം സെന്‍ട്രല്‍ ഹോസ്‌പിറ്റലില്‍ നിന്ന്‌ മാത്രം അന്‍പതിലേറെ പേരാണ്‌ ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്‌. ഈ ഹോസ്‌്‌പിറ്റലിന്റെ ഐസിയുവില്‍ മാത്രം നൂറ്റിയന്‍പതോളം മലയാളി നഴ്‌സുമാരാണ്‌ പണിയെടുക്കുന്നത്‌.

ജോലിയില്‍ പ്രവേശിക്കുന്ന പുതിയ ആളുകള്‍ക്ക്‌ പഴയ ആള്‍ക്കാരുടെ നമ്പര്‍ നല്‌കും. തങ്ങളുടെ നമ്പര്‍ മറ്റൊരാള്‍ക്ക്‌ കാണുമ്പോഴും ചിലര്‍ മിനിസ്‌ട്രിയില്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ പിരിച്ചു വിടപ്പെട്ടുവെന്ന്‌ അറിയുന്നത്‌. 

മിനിസ്‌ട്രിയുടെ നിയമം അനുസരിച്ച്‌ മൂന്നുമാസം മുമ്പ്‌ ടെര്‍മിനേഷന്‍ അറിയിപ്പ്‌ നഴ്‌സുമാര്‍ക്ക്‌ നല്‌കേണ്ടതാണ്‌. എന്നാല്‍ അത്തരം യാതൊരു നടപടിക്രമവും ഇപ്പോള്‍ മിനിസ്‌ട്രി പാലിക്കുന്നുമില്ല. എംഒഎച്ച്‌ നഴ്‌സുമാര്‍ക്ക്‌ ഗ്രാറ്റുവിറ്റിയും മറ്റ്‌ ആനൂകൂല്യവും കൂടുതലാണ്‌. അതിനാല്‍ അത്തരം ആനുകൂല്യങ്ങള്‍ നല്‌കാതിരിക്കാന്‍ എച്ച്‌ഒപിയായി ചിലരെ താഴ്‌ത്തുന്നുണ്ട്‌. 

എന്നാല്‍ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ വഴി ഇപ്പോഴും വന്‍തോതിലാണ്‌ സൗദിയിലേയ്‌ക്ക്‌ നഴ്‌സുമാര്‍ വന്നിറങ്ങുന്നത്‌. സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ നഴ്‌സുമാരെ പിരിച്ചുവിടുന്ന രാജ്യത്തേയ്‌ക്ക്‌ എന്തുകൊണ്ട്‌ വഞ്ചിതരാകുവാന്‍ ലക്ഷങ്ങള്‍ മുടക്കി നഴ്‌സുമാര്‍ വീണ്ടും വന്നിറങ്ങുന്നതെന്നാണ്‌ ഇവിടെ പണിയെടുക്കുന്നവര്‍ ചോദിക്കുന്നത്‌. 

പിരിച്ചു വിടുന്നതില്‍ മാനദണ്ഡമില്ലാത്തതും നഴ്‌സുമാരെ കുഴയ്‌ക്കുന്നു. ഇന്നലെ ജോലിയില്‍ കയറിയവനും ഒരാഴ്‌ചയ്‌ക്കകം തൊഴില്‍ നഷ്ടപ്പെട്ടേക്കാം. അത്രമാത്രം അരക്ഷിതാവസ്ഥയിലാണ്‌ കാര്യങ്ങള്‍. 

തങ്ങളുടേതല്ലാത്ത രാജ്യത്ത്‌ അവര്‍ തൊഴില്‍സുരക്ഷ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പിരിച്ചുവിടുന്ന രീതിയില്‍ കൂറെകൂടി മെച്ചപ്പെട്ട രീതി പ്രതിക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? ഇത്‌ തങ്ങള്‍ക്കുവേണ്ടി ചോദിക്കാന്‍ ആരുമില്ലാത്തതിനാല്‍ തങ്ങളുടെ പ്രതിഷേധം അവര്‍ മസസില്‍ അടക്കുന്നു. പിന്നെ മനസിനെ ശാന്തമാക്കുന്നു, ഇത്‌ സൗദിയാണ്‌. പ്രവാസി മീറ്റില്‍ ഇത്തരം ചുട്ടുപൊള്ളുന്ന ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തുവോയെന്നറിയില്ല.