Breaking News

Trending right now:
Description
 
Jan 15, 2013

ഏകീകരണം സിപിഐയുടെ സ്വപ്‌നം, എന്നാല്‍ ചര്‍ച്ചകള്‍ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സി.എന്‍ ചന്ദ്രന്‍

Staff Reporter/Global Malayalam
image
എണ്ണമറ്റ സ്വാതന്ത്ര്യ സമരസേനാനികള്‍ സഹനസമരത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും നേടിയെടുത്തതാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിന്‌ കരുത്തുറ്റ കാവലാളാകുവാന്‍ അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ഇന്ത്യയില്‍ പൂത്തുലഞ്ഞ്‌ വസന്തമായിരുന്നു ഒരുകാലത്ത്‌. പുത്തന്‍ ബദലാകുമെന്ന്‌ പ്രതീക്ഷിച്ച കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിന്നീട്‌ പിന്‍വലിയുന്ന ചരിത്രകാഴ്‌ചയാണ്‌ കാണുന്നത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പിന്നോട്ടടിച്ച കാരണങ്ങള്‍ കണ്ടെത്തി സിപിഐ തിരിച്ചുവരവിന്‌ ശ്രമിക്കുകയാണ്‌. ചെറിയ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒന്നിക്കണമെന്ന ചരിത്രനിലപാടുകളില്‍ ഉറച്ചു നിന്ന്‌ സിപിഐയുടെ രാഷ്ട്രീയകാഴ്‌ചപ്പാടുകള്‍ ഗ്ലോബല്‍ മലയാളത്തോട്‌ വിശദീകരിക്കുകയാണ്‌ സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി സി.എന്‍ ചന്ദ്രന്‍.

ഇന്ന്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും നേതൃത്വവും അതിഭൗതികതയുടെ മായാക്കാഴ്‌ചകളിലേയ്‌ക്ക്‌ ആകൃഷ്ടരാകുന്നുവെന്ന്‌ ആരോപണം ഉന്നയിക്കുമ്പോഴും സി.എന്‍ ചന്ദ്രന്‍ എന്ന കമ്യൂണിസ്റ്റ്‌ നേതാവ്‌ അധികാരരാഷ്ട്രീയത്തിന്റെ നടവഴികളില്‍ നിന്ന്‌ മാറിനടന്ന്‌ വ്യത്യസ്‌തനാവുകയാണ്‌. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറിയായും പന്ത്രണ്ടു വര്‍ഷം സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഇദ്ദേഹം തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍ സ്വീകരിച്ചില്ല. കാരണം ഇദ്ദേഹത്തിന്‌ വിപ്ലവം ചരിത്രപുസ്‌തകങ്ങളിലെ സാധാരണക്കാരന്‌ വഴങ്ങാത്ത വലിയ വാക്കുകളല്ല.അച്ഛന്‍ സി.എന്‍ ബാലന്‍ എന്ന കമ്യുണിസ്‌റ്റുകാരന്‍ കാണിച്ചുതന്ന ജീവിതമാണ്‌ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പാഠശാല. ഭീകരമായ പോലീസ്‌ മര്‍ദ്ദനത്തിന്റെ ഫലമായി തോളെല്ലു തകര്‍ന്ന്‌ ജീവിച്ച സഖാവിന്റെ മകന്‍ രാഷ്ട്രീയത്തിലേയ്‌ക്ക്‌ കടന്നു വന്നത്‌ നേടാനല്ല, നഷ്ടപ്പെടാനാണ്‌. കാരണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‌ വേണ്ടത്‌ എംബിഎക്കാരന്റെ പ്രഫഷണലിസമല്ല, മറിച്ച്‌ സന്യാസിയുടെ നിഷ്‌കാമ കര്‍മ്മയോഗമാണെന്ന്‌ വിശ്വസിക്കുന്ന സി.എന്‍ ചന്ദ്രനുമായി ഗ്ലോബല്‍ മലയാളം സ്‌റ്റാഫ്‌ റിപ്പോര്‍ട്ടറുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌.

സിപിഐ പാര്‍ട്ടി രൂപീകരിച്ചിട്ട്‌ 87 വര്‍ഷം പൂര്‍ത്തിയായി. പക്ഷേ സാധാരണക്കാരന്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ച പിന്നോട്ടാണ്‌, എവിടെയാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ പാളിച്ച പറ്റിയത്‌?

തീര്‍ച്ചയായും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇത്തരം വിഷങ്ങളില്‍ ഒരു സ്വയംവിമര്‍ശനത്തിന്‌ തയാറായിട്ടുണ്ട്‌. കോണ്‍ഗ്രസിന്റെ പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നു വന്ന കമ്യണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ രൂപംകൊണ്ട ഭിന്നിപ്പ്‌ 1964-ല്‍ വലിയൊരു പിളര്‍പ്പിലാണ്‌ കലാശിച്ചത്‌. പിന്നീട്‌ പാര്‍ട്ടി പ്രാദേശികമായി തുടരെ തുടരെ ഭിന്നിച്ചു. രാജ്യത്ത്‌ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പേറുന്ന ചെറിയ ഗ്രൂപ്പുകള്‍ എത്രയെണ്ണമാണ്‌ ഉള്ളതെന്ന്‌ തിട്ടമില്ല, എന്നാലും പ്രധാനമായും മുപ്പത്തിനാലോ മുപ്പത്തിയഞ്ചോ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്‌. അതുകൊണ്ടു തന്നെ ഇടതുപക്ഷ ഏകീകരണം എന്നത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം പ്രത്യേകിച്ച്‌ സിപിഐ ഉപേക്ഷിച്ച മുദ്രവാക്യമല്ല, മുതലാളിത്ത വ്യവസ്‌ഥയ്‌ക്ക്‌ പകരമായി ഒരു രാഷ്ട്രീയ ബദലായി ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഉയരണമെങ്കില്‍ ഏകീകരണം കൂടിയേ തീരൂ.

ആളും അര്‍ത്ഥവും കൊണ്ട്‌ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന സിപിഎം ഈ നിലപാടിനെ സ്വീകരിക്കുന്നത്‌ സ്വാഗതാര്‍ഹമായല്ല, ഏകീകരണം എന്ന സിപിഐ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാനാണോ സിപിഐ നേതാവ്‌ കാനം രാജേന്ദ്രന്‍ സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട എം.വി രാഘവന്‍, ഗൗരിയമ്മ, ആര്‍എംപി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നത്‌?

സിപിഐ നേതൃത്വം നിലവില്‍ ആരെയും അത്തരം ഒരു ചര്‍ച്ചയ്‌ക്ക്‌ ചുമതലപ്പെടുത്തിയിട്ടില്ല. രണ്ടാമതായി സിപിഎം സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരുക്കുന്നുവെന്ന ആരോപണത്തോട്‌ യോജിക്കുന്നില്ല, ആളും അര്‍ത്ഥവും സിപിഎമ്മിനു കൂടുതല്‍ ഉണ്ടെന്ന വാദത്തെ എതിര്‍ക്കുന്നുമില്ല. എന്നാല്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അടിസ്ഥാന നിലപാട്‌ ഒന്നു തന്നെയാണ്‌, ബൂര്‍ഷ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ബദല്‍ ശക്തിയാകുക എന്നതാണ്‌ അത.്‌ എം.വി രാഘവന്‍, ഗൗരിയമ്മ എന്നിവരുമായി മാത്രമല്ല നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തില്‍ സിപിഐ നിലപാടിനെ അംഗീകരിക്കുന്നവരെ പ്രാദേശിക പാര്‍ട്ടികളെയും സിപിഐ സ്വീകരിക്കുക തന്നെ ചെയ്യും. സിപിഐയില്‍ നിന്ന്‌ പോയവരെ സിപിഎം സ്വീകരിക്കാറില്ലേ. എന്നാല്‍ നിലവില്‍ സഖാവ്‌ രാഘവനുമായിട്ടോ, സഖാവ്‌ ഗൗരിയമ്മയായിട്ടോ അത്തരം ഒരു ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ്‌ വാസ്‌തവം. അതേസമയം ഇടതുപക്ഷ ഏകീകരണം എന്നത്‌ സിപിഐ ഉപേക്ഷിച്ച മുദ്രാവാക്യമല്ല എന്നത്‌ മറക്കരുത്‌. 

കാനം രാജേന്ദ്രന്റെ സന്ദര്‍ശനമോ?

ഞാന്‍ മനസിലാക്കിയത്‌ അദ്ദേഹത്തിന്റേത്‌ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ്‌. തീര്‍ച്ചയായും രാഷ്ട്രീയരംഗത്ത്‌ വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ്‌ അവര്‍. പിന്നെ രാഷ്ട്രീയക്കാര്‍ പരസ്‌പരം കാണുമ്പോള്‍ രാഷ്ട്രീയം പറയരുതെന്ന്‌ പറയുവാന്‍ സാധിക്കുകയില്ലല്ലോ. 

ഏകീകരണം എന്ന സിപിഐ നിലപാടിനെ പരിഹസിക്കുന്ന സിപിഎം പ്രധാനമായും ആരോപിക്കുന്നത്‌ സിപിഐ നേതാക്കളുടെ പാര്‍ട്ടിയാണെന്നും അണികള്‍ ഇല്ലെന്നുമാണ്‌? 

അതൊരു പഴയ പല്ലവി മാത്രമാണ്‌. ഇന്ത്യയില്‍ ഏറ്റവും ശക്തം സിപിഐ തന്നെയാണ്‌. മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക്‌ അണികള്‍ ഉണ്ട്‌. ബഹുജന സ്വാധീനത്തിലും പാര്‍ട്ടി ഇതര കമ്മ്യുണിസ്റ്റ്‌ പ്രസ്ഥനങ്ങളെക്കാള്‍ വേരോട്ടമുള്ള പ്രസ്ഥാനം തന്നെയാണ്‌. സിപിഎം സംഘടനാപരമായി ഒറ്റപ്പെടല്‍ നേരിടുമ്പോള്‍ സിപിഐ പിന്നില്‍ നിന്ന്‌ സിപിഎമ്മിനെ കുത്തുന്നവരാണോ? പ്രത്യേകിച്ച്‌ ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ ആരോപണങ്ങളാല്‍ സിപിഎം പ്രതിരോധത്തില്‍ ആയിരുന്ന സമയത്ത്‌.. സിപിഐയ്‌ക്ക്‌ അത്തരത്തില്‍ സിപിഎമ്മിനെ പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ കുത്തേണ്ട കാര്യമില്ല. സിപിഐയ്‌ക്ക്‌ സംഘടനാപരമായി സിപിഎമ്മില്‍ നിന്ന്‌ വ്യത്യസ്‌തമായ നിലപാടുകള്‍ ഉണ്ട്‌. അത്തരം നിലപാടുകള്‍ വ്യക്തമാക്കുമ്പോള്‍ ആരും അസ്വസ്ഥമാകേണ്ട കാര്യമില്ല. പിന്നെ വലതു പക്ഷ മാധ്യമങ്ങള്‍ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തെ ഭിന്നിപ്പിച്ച്‌ നിര്‍ത്തുവാന്‍ പറഞ്ഞു വരത്തുന്ന ഒരു നുണപ്രചാരണമാണ്‌ അതെന്ന്‌ മനലിലാക്കാതെ ആരെങ്കിലും വീണു പോയാല്‍ അതിന്റെ പിതൃത്വം സിപിഐയ്‌ക്ക്‌ ഏറ്റെടുക്കേണ്ട കാര്യമില്ല. 

സിപിഎമ്മിനെ പോലെ തന്നെ സിപിഐയും ലൈംഗിക ആരോപണക്കേസുകളില്‍ നിന്ന്‌ വിമുക്തരല്ല എന്ന്‌ ചില രഹസ്യആരോപണങ്ങള്‍ ഉണ്ടല്ലോ, അത്തരം കാര്യങ്ങളില്‍ എന്താണ്‌ പറയുവാനുള്ളത്‌?

ലൈംഗികആരോപണങ്ങള്‍ ഇതുവരെ ആരും പാര്‍ട്ടിയ്‌ക്കു നേരെ ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിഭൗതികതയുടെ ലോകത്താണ്‌ നാം ഇന്നു ജീവിക്കുന്നത്‌. നാം ജീവിക്കുന്ന പൊതു സമൂഹത്തിന്റെ ചുറ്റുപാടുകളില്‍ നിന്ന്‌ നേതാവിനോ അണികള്‍ക്കോ കമ്മ്യുണിസ്‌റ്റുകാരനാണെന്ന കാരണത്താല്‍ വിട്ടുനില്‌ക്കാനാവില്ല. ഉപഭോഗശീലങ്ങള്‍ പിടികൂടിയ ലോകത്ത്‌ സാംസ്‌കാരിക അപച്യുതി പിടികൂടിയ രാഷ്ട്രീയക്കാരും കാണും. അത്‌ ലോകത്തിന്റ പൊതുസ്വഭാവം മാത്രമാണ്‌.

സിപിഎമ്മിനെപോലെ സിപിഐയിലെ ഗ്രൂപ്പും വിഭാഗീയതയും മറനീക്കി പുറത്തുവന്ന സന്ദര്‍ഭമാണ്‌ ചന്ദ്രപ്പന്റെ മരണശേഷം പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പില്‍. അതില്‍ വാസ്‌തവമുണ്ടോ?

ജനാധിപത്യ മര്യാദകള്‍ പാലിക്കുന്ന ഒരു ഇടതുപക്ഷ പ്രസ്ഥാനമാണ്‌ സിപിഐ. അതുകൊണ്ട്‌ പുതിയ ലീഡര്‍ ഷിപ്പ്‌ എന്ന ചിന്ത വരുമ്പോള്‍ പല പേരുകളും നിര്‍ദ്ദേശിക്കപ്പെടുക സ്വാഭാവികമാണ്‌. കളക്ടീവ്‌ ലീഡര്‍ഷിപ്പുള്ള പാര്‍ട്ടി എന്ന നിലയില്‍ പല പേരുകളും പരിഗണനയ്‌ക്ക്‌ എടുത്തുവെന്നതിനെ വിഭാഗീയതയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്‌ വലതുപക്ഷ മാധ്യമങ്ങളാണ്‌. പാര്‍ട്ടി നേതൃത്വം ആലോചിച്ച്‌ ഏറ്റവും യോജിച്ച വ്യക്തിയെയാണ്‌ തിരഞ്ഞെടുത്തത്‌. അതില്‍ എവിടെയാണ്‌ വിഭാഗീയത?

കേരളത്തില്‍ തൊഴിലാളി എന്നത്‌ പുതിയ നിര്‍വചനം നല്‌കേണ്ടതല്ലേ? തൊഴില്‍മേഖല മാറി, നവ തൊഴിലിടങ്ങളില്‍ ചൂക്ഷണം ചെയ്യപ്പെടുന്ന അസംഘടിതരായ തൊഴിലാളികളെ കാണാതെ പോകുന്നത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന്‌ തൊഴിലാളി എന്ന പദത്തില്‍ തന്നെ കണ്‍ഫ്യൂസ്‌ഡാണോ?

ഇത്തരം വിഷയങ്ങളില്‍ കുറച്ച്‌ വാസ്‌തവമുണ്ട്‌. ഇവിടെ വിദ്യാസമ്പന്നരായ ഒരു അസംഘടിത തൊഴില്‍ വിഭാഗം സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നു. ഇവരുടെ പ്രശ്‌നങ്ങളെ കുറച്ചൂകൂടി ആഴത്തില്‍ അതിന്റെ മൈക്രോതലത്തില്‍ പഠിച്ച്‌ നിലപാട്‌ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍, ഇവിടെ വേണ്ടത്ര പഠിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു വിമര്‍ശനം തന്നെയായി ഉള്‍ക്കൊള്ളുന്നു.

ആറന്മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടി ഗാഡ്‌ഗില്‍ റിപ്പോര്‍'ട്ടിനെ തള്ളിക്കളയുന്നു. ഇത്‌ വൈരുദ്ധ്യപരമായ നിലപാടല്ലേ..? 

പാരിസ്ഥിതിക സംരക്ഷണത്തില്‍ ഊന്നിയ സാമൂഹിക വികസനമാണ്‌ സിപിഐ നയം. മേധാപട്‌ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി നയത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. ആറന്മുളയില്‍ വിമാനത്താവളം വരുന്നതോടെ അവിടെ പരിസ്ഥിതിക്ക്‌ കനത്ത കോട്ടം വരും. പശ്‌ചിമ ഘട്ടം സംരക്ഷിക്കപെടണം. എന്നാല്‍ മണ്ണും മൃഗങ്ങളും പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ മനുഷ്യര്‍. അവരെ കൂടി പരിഗണിച്ച്‌ വേണം പരിസ്ഥിതി സംരക്ഷണം നടത്താന്‍. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായും ഞങ്ങള്‍ എതിര്‍ക്കുന്നില്ല, അതിന്റെ കര്‍ഷക വിരുദ്ധവശം മാറിയാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനോട്‌ എതിര്‍പ്പില്ല. ആ റിപ്പോര്‍ട്ടില്‍ പന്തികേടുണ്ടെന്ന്‌ മനസിലായതുകൊണ്ടാണ്‌ കസ്‌തൂരീരംഗനെ ചെയര്‍മാനാക്കി മറ്റൊരു സമിതിയെ നിയോഗിച്ചത്‌. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ സിപിഐ പൂര്‍ണമായും വികസന വിരുദ്ധ നിലപാട്‌ സ്വീകരിക്കില്ല. 

സാമൂദായിക ഐക്യം കേരളത്തില്‍ അപകടകരമായ വിധത്തില്‍ തകര്‍ന്നുവെന്നാണ്‌ കേന്ദ്രമന്ത്രി ഏ.കെ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞത്‌. ഇത്തരം വിഷയങ്ങളില്‍ സിപിഐയുടെ കാഴ്‌ചപ്പാടെന്താണ്‌? 

ഏ.കെ ആന്റണി തന്റെ നിലപാടില്‍ ഉറച്ചു നില്‌ക്കുമെങ്കില്‍ ഈ വിഷയത്തിന്‌ പരിഹാരം കാണുവാന്‍ കഴിയും. സാമുദായിക സൗഹൃദം തകര്‍ത്തത്‌ മത-സാമുദായിക ശക്തികളില്‍ വര്‍ഗീയമായി വേര്‍തിരുവുണ്ടാക്കി കേരളത്തില്‍ ഇത്തരം ഗുരുതരമായ പ്രവണതയുണ്ടാക്കിയത്‌ യുഡിഎഫാണ്‌. ജാതി -മത- ശക്തികളുടെ പിന്തുണയിലാണ്‌ യുഡിഎഫിന്റെ നിലനില്‍പ്പു തന്നെ. രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികള്‍ക്ക്‌ ദിനം പ്രതി നഗ്നമായ ഇടപെടലുകള്‍ നടത്താന്‍ അവസരം ഉണ്ടാക്കികൊടുത്തു. എന്തും വില പേശി നേടാനുള്ള സമയമായാണ്‌ സാമുദായിക ശക്തികളെ ഈ ഭരണത്തെ കാണുന്നത്‌. അത്തരം കാര്യങ്ങളില്‍ വ്യക്തമായ അറിവുള്ള ആന്റണി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച നിലപാടു സ്വീകരിക്കുമെങ്കില്‍ പരിഹാരമാര്‍ഗവും അദ്ദേഹത്തിന്‌ തന്നെ നിര്‍ദ്ദേശിക്കാന്‍ കഴിയും. 

വനിതകളുടെ രാഷ്ട്രീയ പ്രവേശനം സ്‌ത്രീപീഡനത്തിന്റെ തോത്‌ കുറയ്‌ക്കുമോ?

മാനസികമായ ഫ്യൂഡലിസത്തിന്റെ ബാക്കിപത്രം സൂക്ഷിക്കുന്നവരാണ്‌ നാം ഇന്നും. സ്‌ത്രീയെ അടിച്ചമര്‍ത്തേണ്ടവളായി കരുതി അടുക്കളയില്‍ ഒതുക്കി ഇടനാണ്‌ ഇന്നും പുരുഷന്‍ ശ്രമിക്കുന്നത്‌. സ്‌ത്രീകള്‍ കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലേയ്‌ക്ക്‌ വരുമ്പോള്‍ അഭിപ്രായ സ്വാതന്ത്യവും പൊതു സമൂഹത്തില്‍ ഇടവും ലഭിക്കുന്നു. സ്‌ത്രീയെക്കുറിച്ചുള്ള ഫ്യൂഡല്‍ കാഴ്‌ച്ചപ്പാടില്‍ പൊളിച്ചെഴുത്ത്‌ നടത്തുമ്പോഴാണ്‌ സ്‌ത്രീ- പുരുഷ സമത്വം ഇവിടെ സാധ്യമാകുകയുള്ളു. പൊതു ഇടങ്ങളില്‍ നിന്ന്‌ സ്‌ത്രീ ഉള്‍വലിഞ്ഞാല്‍ അവള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കും. ഇവിടെ സ്‌ത്രീ പൊതു സമൂഹത്തിലേയ്‌ക്ക്‌ ഇറങ്ങി വരണം. 

ഇന്ന്‌ ഇടതുപക്ഷ പ്രസ്ഥാനം നേടുന്ന പ്രധാന രാഷ്ടീയ വെല്ലുവിളി എന്താണ്‌?

മുതലാളിത്ത രാഷ്ട്രീയ ശക്തികള്‍ക്ക്‌ ബദല്‍ ശക്തിയായി ഉയര്‍ന്നുവരുവാന്‍ ഇടതുപക്ഷത്തിന്‌ കഴിയാത്തതു തന്നെയാണ്‌ പാര്‍ട്ടി നേരിടുന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി. 

അന്നാഹസാരെയും രാംദേവും ഉദയം ചെയ്യാന്‍ കാരണം ഇടതുപക്ഷം ഫലപ്രദമായ ജനപക്ഷത്തു നിന്ന്‌ അഴിമതിക്കെതിരെ നിലപാട്‌ സ്വീകരിക്കാത്തതല്ലേ കാരണം?

യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ പ്രസ്ഥാനമാണ്‌ അഴിമതി തടയാനും കള്ളപ്പണം കണ്ടുപിടിച്ച്‌ ഖജനാവിലേയ്‌ക്ക്‌ മുതല്‍ കൂട്ടുവാനും ആവിശ്യപ്പെട്ട്‌ ചെറുതും വലുതുമായ സമരങ്ങള്‍ സംഘടിപ്പിച്ചത്‌. എന്നാല്‍ അണ്ണാഹസാരെയുംരാംദേവും സമരത്തിനിറങ്ങിയപ്പോള്‍ ഇടതുപക്ഷത്തെ കൊച്ചാക്കി കാണിക്കാന്‍ കോര്‍പറേറ്റുകളും എന്‍ജിഒകളും ആസൂത്രിതമായി നടത്തിയ നീക്കത്തിന്റെ ഫലമായി സമരം ശക്തമായി. എന്നാല്‍ ഇടതുപക്ഷ സമരങ്ങളെ മാധ്യമങ്ങള്‍ തമസ്‌കരിക്കും, വലതുപക്ഷ മാധ്യമ അജന്‍ണ്ടയുടെ ഫലമായാണ്‌ ഇത്തരം നീക്കങ്ങള്‍ ഇടതുപക്ഷത്തിനു നേരെ ഉണ്ടാകാന്‍ കാരണം. 

ആരാണ്‌ രാഷ്ടീയത്തിലെ മാതൃക പുരുഷന്‍?

പ്രത്യേകിച്ച്‌ എടുത്തു പറയേണ്ടത്‌ എന്റെ അച്ഛന്‍ സി.എന്‍ ബാലനാണ്‌. ഞാന്‍ രാഷ്ട്രീയത്തിലേയ്‌ക്ക്‌ വരുവാന്‍ തീരുമാനിച്ചപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലെ പ്രതിസന്ധിയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും അച്ഛനാണ്‌ പറഞ്ഞു തന്നത്‌. 
രാഷ്ട്രീയജീവിതത്തില്‍ ക്രൂരമായ പീഢനം അനുഭവിച്ചയാളാണ്‌ അച്ഛന്‍. മര്‍മ്മസ്ഥാനങ്ങളില്‍ ഈര്‍ക്കില്‍ പ്രയോഗം, നഖവും മുടിയും പിഴുതെടുക്കല്‍ അങ്ങനെ എത്രയെത്ര അനുഭവം. അവസാനം മര്‍ദ്ദനത്തില്‍ മരിച്ചുവെന്ന്‌ കരുതി പോലീസുകാര്‍ തെങ്ങോല കൊണ്ട്‌ ശവശരീരം മൂടിയിട്ട്‌ കടന്നു പോയി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചെറിയ അനക്കം കണ്ട്‌ ആശുപത്രിയില്‍ എത്തിച്ചു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും തോളെല്ല്‌ തകര്‍ന്നാണ്‌ അവസാനം വരെ ജീവിച്ചത്‌. അങ്ങനെ എത്രയോ ആളുകള്‍ ജീവന്‍ കൊടുത്താണ്‌ ഈ പ്രസ്ഥാനം കെട്ടിപടുത്തത്‌.