Breaking News

Trending right now:
Description
 
Dec 30, 2016

ഫാ.ടോം ഉഴുന്നാലിനുവേണ്ടി ഞായറാഴ്‌ച പ്രാര്‍ഥനായജ്ഞം

image യെമനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനുവേണ്ടി സംസ്ഥാന വ്യാപകമായി ഞായറാഴ്‌ച പ്രാര്‍ഥനായജ്ഞങ്ങള്‍ നടത്തും. പുതുവത്സദിനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രാര്‍ഥനയ്‌ക്ക്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ യൂണിറ്റ്‌, ഫൊറോന, അതിരൂപത സമിതികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഞായറാഴ്‌ച വൈകുന്നേരം 5.30ന്‌ എറണാകുളം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന പ്രാര്‍ഥനായജ്ഞം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നയിക്കും. അതേസമയം, ഫാ.ടോം ഉഴുന്നാലിന്റെ മോചനശ്രമം ഊര്‍ജിതമാക്കാനായി ബന്ധുക്കള്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ സന്ദര്‍ശിച്ചിരുന്നു. ഉഴുന്നാലിന്റെ മോചനത്തിനായി എല്ലാ സഹായവും ചെയ്യുമെന്നു തിരുവനന്തപുരത്ത്‌ എത്തിയ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഉറപ്പുനല്‍കി. രാഷ്ട്രപതിയോട്‌ നേരിട്ട്‌ ഇതേആവശ്യം അദ്ദേഹം ഉന്നയിക്കുകയായിരുന്നു. നിവേദനവും നല്‍കി. ഇക്കാര്യം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും രമേശ്‌ നേരത്തെ കത്ത്‌ നല്‍കിയിരുന്നു.