Breaking News

Trending right now:
Description
 
Jan 14, 2013

മലയാളി നഴ്‌സുമാര്‍ക്കു രാജ്യത്തിന്റെ മരണാനന്തര ബഹുമതി

image ന്യൂഡല്‍ഹി: രക്ഷാ പ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റു മരിച്ച മലയാളി നഴ്‌സുമാര്‍ക്ക്‌ രാജ്യത്തിന്റെ മരണാന്തര ബഹുമതി. കോട്ടയം സ്വദേശികളായ രമ്യ രാജപ്പന്‍, പി.കെ. വിനീത എന്നിവരെയാണ്‌ ആദരിക്കുന്നത്‌. ധീരതയ്‌ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ രാഷ്‌ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാ പഥക്‌ ആണ്‌ മരണാനന്തര ബഹുമതിയായി നല്‍കി ആദരിക്കുക. ഒരു ലക്ഷം രൂപയും ആഭ്യന്തര മന്ത്രി ഒപ്പിട്ട ബഹുമതി പത്രവുമാണ്‌ അവാര്‍ഡ്‌. കോല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയിലെ തീപിടിത്തത്തിലാണ്‌ ഇവരുടെ മരണം. 2011 ഡിസംബര്‍ പുലര്‍ച്ചെയായിരുന്നു സംഭവം. അഗ്നി ആളിപ്പടരുമ്പോഴും കനത്ത പുകയും തീയും അവഗണിച്ച്‌ എട്ടു പേരെ രക്ഷപ്പെടുത്തുകയും ഒമ്പതാമത്തെ രോഗിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണത്തിനു കീഴടങ്ങുകയും ചെയ്‌ത രമ്യയുടെയും വിനീതയുടെയും ധീരതയെയാണു പരമോന്നത മരണാനന്തര പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുന്നത്‌. ഇരുവരും എട്ടുപേരെ രക്ഷപ്പെടുത്തി. കാലില്‍ ഒടിവുകളുള്ള മറ്റൊരാളെ രക്ഷപ്പെടുത്തുന്നതിനിടെ ഇരുവരെയും അഗ്നിനാളങ്ങള്‍ വിഴുങ്ങുകയായിരുന്നു. 

ഇവര്‍ക്കു പുറമേ കേരളത്തില്‍ നിന്നു മുഹമ്മദ്‌ നിഷാദിന്‌ ധീരതയ്‌ക്കുള്ള ഉത്തം ജീവന്‍ രക്ഷാ പഥക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 60,000 രൂപയും പ്രശസ്‌തിപത്രവുമാണു പുരസ്‌കാരം. ജീവന്‍ രക്ഷാ പഥകിന്‌ അര്‍ഹരായ 37 പേരില്‍ നിരവധി പല മലയാളികളുമുണ്ട്‌. മരണാനന്തര ബഹുമതിയായി സി.എസ്‌ സുരേഷ്‌ കുമാര്‍, ജിഷ്‌ണു വി. നായര്‍, അജി ചെരിപ്പനാട്ട്‌ കൊച്ച്‌, സി.കെ അന്‍ഷിഫ്‌, കെ. സഹസാദ്‌ എന്നിവരാണു കേരളത്തില്‍ നിന്നു പുരസ്‌കാരം നേടിയ മറ്റുള്ളവര്‍. 40,000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ ഈ പുരസ്‌കാരം. ഉത്തരാഖണ്ഡ്‌ സ്വദേശിയായ സംഗീത അഗര്‍വാളിനും മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പഥക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.