Dec 20, 2016
റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി
പുത്തന്‍വേലിക്കര സ്വദേശിനി ദേവകിയെ തലക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച
നടത്തിയ കേസിലെ പ്രതി തൃശൂര്‍ പൊയ്യ പള്ളിപ്പുറം സ്വദേശി റിപ്പര്‍
ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി
ഇളവുചെയ്തു. നേരത്തെ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോതിയാണ് വധശിക്ഷ
വിധിച്ചത്. ഇതിനെതിരെ പ്രതി സമര്‍പ്പിച്ച അപ്പീലും വധശിക്ഷ നടപ്പാക്കാന്‍
അനുമതി തേടി സര്‍ക്കാര്‍ നല്കിയ അപേക്ഷയും പരിഗണിക്കവേയാണ് ഡിവിഷന്
ബഞ്ചിന്റെ വിധി. നേരത്തെ ജയാന്ദന്റെ വധശിക്ഷ സംബന്ധിച്ചു ഹൈക്കോടതി
വിധിപറയാന്‍ നിശ്ചയിച്ച ദിവസം ജഡ്ജി പിന്മാറിയതിനെ തുടര്‍ന്ന് മറ്റൊരു
ബഞ്ച് വീണ്ടം കേസ് പരിഗണിക്കുകയായിരുന്നു. ജയാനന്ദന്റെ പേരില്‍
കൊലക്കുറ്റത്തിനു പുറമേ വിവിധ വകുപ്പുകളില്‍പെട്ട 23 കേസുകളുണ്ടെന്നു
പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഏഴുപേരെ കൊലപ്പെടുത്തിയെന്ന
അഞ്ചുകേസുകള്‍ ഇതില്‍പ്പെടും. ജയില്‍ചാടിയ കേസും നിലവിലുണ്ട്. വധശിക്ഷ
ജീവപര്യന്തമാക്കി ഇളവുചെയ്ത കോടതി ശിക്ഷാ ഇളവിനോ പരോളിനോ
അര്‍ഹതയുണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2006 ഒക്ടോബര്‍ രണ്ടിനു
രാത്രിയാണ് ദേവകിയെ ജയാനന്ദന് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ദേവകിയെ
തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ആറു സ്വര്‍ണവള മോഷ്ടിക്കാന്‍ ഇടതുകൈ
മുറിച്ചെടുത്തു. ദേവകിയുടെ ഭര്‍ത്താവ് രാമകൃഷ്ണനെ ആക്രമിച്ചു
പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.