Breaking News

Trending right now:
Description
 
Dec 04, 2016

കോടികള്‍ചെലവഴിച്ച ആര്‍ഭാട വിവാഹം ഇന്ന്‌; മൈസൂര്‍കൊട്ടരത്തിന്റെ മാതൃകയില്‍ പന്തല്‍

image കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ വിവാദമുയര്‍ത്തിയ അബ്‌കാരി വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയുടെ വിവാഹം ഇന്ന്‌. മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്‌ണന്‍ ഇന്നു വൈകുന്നേരം മേഘയുടെ കഴുത്തില്‍ താലിചാര്‍ത്തും. തിരുവനന്തപുരം കിംസ്‌ ആശുപത്രിക്കുസമീപം രാജധാനി ഗാര്‍ഡന്‍സിലെ പടുകൂറ്റന്‍ പന്തല്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എട്ടേക്കറോളം വരുന്ന സ്ഥലത്ത്‌ മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ്‌ പന്തലിന്റെ കവാടം. വധൂവരന്മാര്‍ക്കായുള്ള വേദിക്കും ഏറെ പ്രത്യേകതയുണ്ട്‌. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡല്‍ഹിയിലെ അക്ഷധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ്‌ ഇതു പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. 500 തൊഴിലാളികള്‍ ഒന്നരമാസംകൊണ്ടാണ്‌ പന്തല്‍ പൂര്‍ത്തിയാക്കിയത്‌. 20,000ത്തില്‍ അധികം പേര്‍ക്കു വിവാഹം കാണാന്‍ കഴിയുന്ന തലത്തിലാണ്‌ പന്തലിന്റെ രൂപകല്‍പ്പന. ഏറെ ശ്രദ്ധനേടിയ സിനിമ ബാഹുബലിയുടെ കലാസംവിധായക സംഘത്തിന്റെ മേല്‍നോട്ടത്തിലാണ്‌ വിവാഹപന്തല്‍ നിര്‍മിച്ചത്‌. ആറായിരം പേര്‍ക്ക്‌ ഒരേസമയം ഭക്ഷണംകഴിക്കാനുള്ള സൗകര്യവുമുണ്ട്‌. വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന രുചിയേറിയ ഏതുതരം ഭക്ഷണവും ഭക്ഷണശാലയില്‍ അതിഥികളുടെ മുമ്പിലെത്തും. നൂറിലധികം വിഭവങ്ങള്‍ വിളമ്പും. നൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ്‌ വധൂവരന്മാര്‍ വേദിയിലെത്തുന്നത്‌. പ്രശസ്‌തരായവരുടെ സംഗീതപരിപാടി, നൃത്തപരിപാടി തുടങ്ങിയവയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്‌. തമിഴ്‌നാട്‌ ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം വിവാഹത്തില്‍ പങ്കെടുക്കും. സുരക്ഷയൊരുക്കാന്‍ കമാന്‍ഡോ സംഘവുമുണ്ട്‌. നോട്ടു പ്രതിസന്ധിയില്‍ ജനം നട്ടംതിരിയുമ്പോള്‍ കോടികള്‍ ചിലവഴിച്ചു നടത്തുന്ന ആര്‍ഭാടവിവാഹം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്‌.