Breaking News

Trending right now:
Description
 
Nov 29, 2016

ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണം: കോണ്‍ഗ്രസ്‌ ബിജെപിയുടെ ബീ ടീമാണെന്ന്‌ കോടിയേരി

image നോട്ട്‌ പിന്‍വലിക്കല്‍, സഹകരണ മേഖലയിലെ പ്രതിസന്ധി എന്നിവയില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണം. നഗരങ്ങളിലും ഗ്രാമങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സെക്രട്ടറിയേറ്റിലേക്കു മുഖ്യമന്ത്രിമാരും മന്ത്രിമാരും എത്തിയില്ല. ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഇടപാടുകാര്‍ കുറവായിരുന്നു. ഹര്‍ത്താല്‍ ജനജീവിതം സ്‌തംഭിപ്പിച്ചു. ഹര്‍ത്താലിനെ പിന്തുണയ്‌ക്കാതെ കോണ്‍ഗ്രസ്‌ കേരളത്തില്‍ ബിജെപിയുടെ ബി ടീം ആയാണു പ്രവര്‍ത്തിക്കുന്നതെന്നു തിരുവനന്തപുരത്ത്‌ നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. ബിജെപിയും കോണ്‍ഗ്രസും അനിയന്‍ബാവ ചേട്ടന്‍ ബാവ കളിക്കുകയാണ്‌. കുമ്മനം രാജശേഖരന്‍ പറയുന്നതു കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നതിനു പിന്നില്‍ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്റെ അന്ധമായ മാര്‍ക്‌സിസ്റ്റ്‌ വിരോധമാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ സഹകരണബാങ്കുകളില്‍ 1.27 ലക്ഷം കോടിരൂപയുടെ നിക്ഷേപമുണ്ട്‌. ഇത്‌ ഊറ്റിയെടുത്ത്‌ സ്വകാര്യ പുതുതലമുറ ബാങ്കുകളിലേക്കു മാറ്റാനാണ്‌ കേന്ദ്രനീക്കം. ഇതിനു ഒത്താശ ചെയ്യുന്ന ഏജന്റുമാരാണ്‌ കേരളത്തിലെ ബിജെപി. സഹകരണബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നു പറയുന്നവര്‍ അന്വേഷണം നടത്തി അതു കണ്ടെത്തുകയാണ്‌ വേണ്ടത്‌. അതിനു തയാറാകാതെ മുഴുവന്‍ നിക്ഷേപകരെയും ആക്ഷേപിക്കുന്ന തരംതാണ പ്രവര്‍ത്തനമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌. ശമ്പളവും പെന്‍ഷന്‍തുകയും മുഴുവന്‍ പിന്‍വലിക്കാന്‍ കഴിയാത്തതിന്റെ പ്രതിസന്ധി ഡിസംബര്‍ ഒന്നോടെ അതിരൂക്ഷമാകും. മുമ്പ്‌ നോട്ട്‌ നിരോധിച്ചപ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങളെ ബാധിച്ചിരുന്നില്ല. എന്നാല്‍ അത്തരം ഒരുനടപടിയും ഇപ്പോള്‍ സ്വീകരിക്കാന്‍ മോദിക്കായില്ല. ഇതു ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും കോടിയേരി വ്യക്തമാക്കി.