Breaking News

Trending right now:
Description
 
Nov 29, 2016

കറന്‍സി റദ്ദാക്കല്‍: യുഡിഎഫ്‌ എംഎല്‍എമാര്‍ രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തി അറസ്റ്റുവരിച്ചു

image കറന്‍സി പിന്‍വലിക്കല്‍ സഹകരണ മേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ എംഎല്‍എമാര്‍ രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തി അറസ്റ്റുവരിച്ചു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലാണ്‌ യുഡിഎഫ്‌ എംഎല്‍എമാര്‍ അറസ്റ്റുവരിച്ചത്‌. എംഎല്‍എമാരെ പിന്നീട്‌ സ്വന്തം ജാമ്യത്തില്‍ പൊലീസ്‌ വിട്ടയച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറുമായി ചര്‍ച്ചയ്‌ക്കു ധനമന്ത്രിയെ അയയ്‌ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു രാജ്‌ഭവന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. സഹകരണമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നു നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തെ കാണാനുള്ള സാമാന്യമര്യാദപോലും പ്രധാനമന്ത്രികാണിച്ചില്ല. ഈ സാഹചര്യത്തില്‍ വിഷയത്തിലെ ഗൗരവം ബോധ്യപ്പെടുത്താന്‍ സംസ്ഥാന ധനമന്ത്രി ആര്‍ബിഐ ഗവര്‍ണറെ കാണണം. ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട്‌ പിന്‍വലിക്കല്‍ നടപടിയിലൂടെ അഭിനവ തുഗ്ലക്കായി മാറാനാണ്‌ മോദി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്ത്‌ 86 ശതമാനം 1000, 500 നോട്ടുകളാണെന്നു അറിയാതെ തമാശയായിട്ടാണോ മോദി അവ പിന്‍വലിച്ചതെന്നു ഉമ്മന്‍ചാണ്ടി ചോദിച്ചു. അതല്ല, അറിഞ്ഞുകൊണ്ടാണെങ്കില്‍ എന്തുകൊണ്ടാണ്‌ മുന്‍കരുതല്‍ എടുക്കാതിരുന്നത്‌. രാജ്യത്ത്‌ ഒരു പൗരനു നിയമപരമായി അനുവദിച്ചിട്ടുള്ളത്ര പണം കൈവശം വയ്‌ക്കാമെന്നിരിക്കെ അതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതു നിയമവിരുദ്ധ നടപടിയല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന മോദി, റോമ നഗരം കത്തിയമര്‍ന്നപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലായാണെന്നു കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍ ആരോപിച്ചു.