Breaking News

Trending right now:
Description
 
Nov 20, 2016

പുതിയ 500 നോട്ട്‌ കേരളത്തിലെത്തി; വിതരണം തീരുമാനിച്ചില്ല

image സംസ്ഥാനത്ത്‌ ബാങ്കുകളിലൂടെയും എടിഎമ്മിലൂടെയും വിതരണം ചെയ്യാനുള്ള പുതിയ 500 രൂപ റിസര്‍വ്‌ ബാങ്കിന്റെ തിരുവനന്തപുരം ഓഫിസിലെത്തി. എന്നാല്‍, വിതരണം എന്നുതുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. റിസര്‍വ്‌ ബാങ്ക്‌ ആസ്ഥാനത്തുനിന്നുള്ള അനുമതി ലഭിച്ചാലേ വിതരണം ചെയ്യാനാവൂ. നാസിക്കില്‍നിന്ന്‌ വെള്ളിയാഴ്‌ച വിമാനമാര്‍ഗമാണ്‌ നോട്ടുകള്‍ എത്തിച്ചത്‌. 500ന്റെ 150 കോടി രൂപയാണ്‌ എത്തിയിട്ടുള്ളത്‌. 30 പെട്ടികളിലാണ്‌ നോട്ട്‌. ഒരു പെട്ടിയില്‍ അഞ്ചുകോടിരൂപയാണുള്ളത്‌. പഴയ നോട്ടിനേക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ്‌ പുതിയ നോട്ട്‌. തിങ്കളാഴ്‌ച മുതല്‍ ഇവ ബാങ്ക്‌ ശാഖകളില്‍ വിതരണം ചെയ്യുമെന്നാണ്‌ പ്രതീക്ഷ. പഴയ 500 രൂപയും പുതിയ 500 രൂപയും തമ്മില്‍ സോഫ്‌റ്റ്‌ വെയറില്‍ എങ്ങനെ തരംതിരിച്ചു രേഖപ്പെടുത്തുമെന്ന ആലോചനയിലാണ്‌ റിസര്‍വ്‌ ബാങ്ക്‌. ചില ബാങ്കുകളില്‍ പുതിയ നോട്ടിന്‌ 500 ന്യൂ എന്ന പേരു നല്‍കിയിട്ടുണ്ട്‌. 2000 രൂപ മുമ്പ്‌ ഇല്ലാതിരുന്ന നോട്ടായതിനാല്‍ സോഫ്‌റ്റ്‌ വെയറില്‍ മാറ്റം ആവശ്യമില്ലായിരുന്നു.