Breaking News

Trending right now:
Description
 
Nov 19, 2016

കോട്ടയം മെഡിക്കല്‍കോളജില്‍ ടെസ്‌റ്റ്‌ ട്യൂബ്‌ ശിശു പിറന്നു

image കോട്ടയം മെഡിക്കല്‍കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ആദ്യ ടെസ്‌റ്റിയൂബ്‌ ശിശുപിറന്നു. സംസ്ഥാനത്തു സര്‍ക്കാര്‍ മേഖലയില്‍ ഇത്തരത്തില്‍ ശിശു പിറക്കുന്ന രണ്ടാമത്തെ ആശുപത്രിയെന്ന നേട്ടവും കോട്ടയം മെഡിക്കല്‍കോളജിന്‌ സ്വന്തമായി. കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്കാണ്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ കുഞ്ഞുപിറന്നത്‌. വിവാഹം കഴിഞ്ഞ്‌ 12 വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന്‌ ദമ്പതികള്‍ വിവിധ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സ നടത്തിവരുകയായിരുന്നു. പിതാവിന്‌ ഇപ്പോള്‍ 45 വയസും മാതാവിന്‌ 40 വയസുമാണ്‌. സാധാരണ നിലയില്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നു ഉറപ്പായതോടെയാണ്‌ ടെസ്‌റ്റിയൂബ്‌ ശിശുവിനായി ഡോക്ടര്‍മാര്‍ ഇവരോട്‌ നിര്‍ദേശിച്ചത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി മെഡിക്കല്‍കോളജ്‌ ഗൈനക്കോളജി വിഭാഗത്തില്‍ ദമ്പതികള്‍ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയിലൂടെയാണ്‌ കുഞ്ഞിനെ പുറത്തെടുത്തത്‌. 2.7 കിലോഗ്രാം തൂക്കമുള്ള പെണ്‍കുട്ടിയാണ്‌. അമ്മയും കുഞ്ഞും ആരോഗ്യവതികളാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സയ്‌ക്ക്‌ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ അരലക്ഷം രൂപയില്‍ താഴെ മാത്രമാണ്‌ ചെലവായത്‌. ഇതിനു മുമ്പ്‌ തിരുവനന്തപുരം മെഡിക്കല്‍കോളജിലാണ്‌ ടെസ്‌റ്റിയൂബ്‌ ശിശു ജനിച്ചത്‌.