
ന്യൂനതകള്‍ മറന്നു
കുട്ടികള്‍ നൃത്തച്ചുവടു വച്ചപ്പോള്‍ കണ്ണൂരിലെ ആസ്വാദക ലോകത്തിനത് അപൂര്‍വ
കാഴ്ചയായി. കണ്ണൂര്‍ മഹോത്സവത്തിനു തുടക്കം കുറിച്ചു ന്യൂഡല്‍ഹി ആസ്ഥാനമാ യി
പ്രവര്‍ത്തിക്കുന്ന ഗുരു സെയ്ദ് സലാലുദ്ദീന്‍ പാഷയുടെ ആശ്രമത്തിലെ ശാരീരിക
ന്യൂനതയുള്ള കുട്ടികള്‍ കലക്ടറേറ്റ് മൈതാനിയില്‍ അവതരിപ്പിച്ച നൃത്തമാണ്
ആസ്വാദകര്‍ക്ക് വിസ്മയം സമ്മാനിച്ചത്. സംഘത്തിലെ ഒന്പതുപേര് ഒരുമണിക്കൂര്‍
നീണ്ട പരിപാടിയില്‍ ഏഴിനങ്ങള്‍ അവതരിപ്പിച്ചു. പൂര്‍ണമായും
വീല്‍ചെയറിലിരുന്നായിരുന്നു നൃത്തം. പ്രഗത്ഭ നര്‍ത്തകികളെ വെല്ലുന്ന വിധത്തില്‍
തനിമ നഷ്ടപ്പെടാതെ ഭഗവത്ഗീതയിലെയും രാമായണത്തിലെയും പ്രധാന ഭാഗങ്ങള്‍ ഇവര്‍
അവതരിപ്പിച്ചു. വീല്‍ ചെയറിന്റെ സഹായത്തോടെ പറയാനും കേള്‍ക്കാനും അറിയാത്ത കൊച്ചു
സുന്ദരികള്‍ പിഴയ്ക്കാത്ത നൃത്തച്ചുവടുകളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍
കീഴടക്കുകയായിരുന്നു. ഡല്‍ഹി സ്വദേശിനികളായ അല്‍ക്ക (22), കരുണ (20), ജ്യോതി (20),
പ്രിയ (25) എന്നീ വനിതകളും ആഷിക് ഉസ്മാന്, വിജയ്കുമാര്‍, മനീഷ്, ഹര്‍ബീര്‍,
അജയ് എന്നീ യുവാക്കളുമാണു മാസ്മരികമായ നൃത്തചുവടുകളുമായി കലാഹൃദയം കീഴടക്കിയത്.
നാലു പെണ്‍കുട്ടികളും സംസാരശേഷിയും കേള്‍വി ശേഷിയും ഇല്ലാത്തവരാണ്. ലോകത്തിലെ
വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ വേദികളില്‍ ഈ സംഘം പരിപാടികള്‍
അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 ഓളം
ശാരീരിക ന്യൂനതയുള്ള കലാകാരന്മാരെ ആശ്രമത്തില്‍ പരിശീലിപ്പിക്കുന്നുണ്ട്.