Breaking News

Trending right now:
Description
 
Nov 16, 2016

സഹകരണബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം: മന്ത്രി തോമസ്‌ ഐസക്‌; ഇന്നു കരിദിനം

image സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നതെന്നു ധനമന്ത്രി ഡോ.തോമസ്‌ ഐസ്‌ക്‌ ആരോപിച്ചു. വലിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം കൂടുതല്‍ ജനദ്രോഹ നടപടികളുമായിട്ടാണ്‌ മുന്നോട്ടുപോകുന്നത്‌. പ്രാഥമിക സഹകരണസംഘങ്ങള്‍, ട്രഷറി എന്നിവയ്‌ക്കു പണമിടപാടുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചത്‌ പുനപരിശോധിക്കണം. ഇതിലൂടെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കമുണ്ടെങ്കില്‍ ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ സമ്പദ്‌ഘടനയുടെ 85 ശതമാനം വരുന്ന കറന്‍സികള്‍ പിന്‍വലിച്ച നടപടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. സമ്പദ്‌ ഘടനയുടെ പൂര്‍ണസ്‌തംഭനത്തിന്‌ ഇതു വഴിയൊരുക്കും. ഇതിലൂടെ കേരളത്തിനു ലഭിക്കുന്ന നികുതിവരുമാനം പകുതിയായി കുറയുമെന്നും മന്ത്രി തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളില്‍ ഇന്നു കരിദിനം ആചരിക്കും. ജില്ലാ സഹകരണബാങ്കുകള്‍ക്കും പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും നോട്ടുമാറ്റത്തിനും നിക്ഷേപത്തിനുമുള്ള അനുമതി നിഷേധിക്കപ്പെട്ടതോടെ ലക്ഷണക്കണക്കിനു സാധാരണക്കാരായ ഇടപാടുകാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌. സഹകരണബാങ്കുകളിലെ ജനറല്‍ മാനേജര്‍മാര്‍ റിജനല്‍ റിസര്‍വ്‌ ബാങ്ക്‌ അധികൃതരുമായി ചര്‍്‌ച്ച നടത്തിയെങ്കിലും തങ്ങള്‍ നിസഹായരാണെന്നാണ്‌ അവര്‍ അറിയിച്ചത്‌. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരുലക്ഷം ഇടപാടുകാരുടെ പ്രതിഷേധ കത്തുകള്‍ റിസര്‍വ്‌ ബാങ്കിനും കേന്ദ്ര ധനമന്ത്രിക്കും അയയ്‌ക്കാന്‍ യൂണിയനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.